വരും വർഷങ്ങളിൽ ഫോറസ്റ്റ് അവാർഡുകൾ പൊലീസിതര സേനക്കൊപ്പം : മുഖ്യമന്ത്രി പിണറായി വിജയൻ
വരും വർഷങ്ങളിൽ സ്വാതന്ത്ര്യ ദിനത്തിൽ തന്നെ പോലീസ് എക്സൈസ് ഫയർഫോഴ്സ് സേനകൾക്കൊപ്പം ഫോറസ്റ്റ് മെഡലുകളും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനം ആസ്ഥാനത്ത് നടന്ന 2023 - 2024 വർഷത്തെ ഫോറസ്റ്റ് മെഡൽ വിതരണ ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
വനസംരക്ഷണം അതീവ പ്രാധാന്യമർഹിക്കുമ്പോൾ തന്നെ മുൻപ് കാടായിരുന്നു എന്ന കാരണത്താൽ മനുഷ്യർ വസിക്കുന്ന ഇടങ്ങൾ അവർക്ക് അന്യമാകാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കുകൾ കേരളത്തിലെ വന സംരക്ഷണം ഫലപ്രദമാണ് എന്ന് വ്യക്തമാക്കുന്നുണ്ട്.
വയനാട് ഉരുൾപൊട്ടലിൽപെട്ടുപോയ ആദിവാസി കുടുംബത്തെ നെഞ്ചോട് ചേർത്ത വനപാലകരുടെ ചിത്രം മനസ്സാക്ഷിയുള്ള ആർക്കും മറക്കാനാവില്ല. വളരെ പ്രതികൂലമായ കാലാവസ്ഥയും വന്യ മൃഗങ്ങളുടെ ഭീഷണിയും അതിജീവിച്ച് ജോലിയെടുക്കുന്ന വനപാലകർക്ക് സർക്കാർ നൽകുന്ന അംഗീകാരമാണ് മുഖ്യമന്ത്രിയുടെ ഫോറസ്റ്റ് മെഡൽ.
ലോകത്ത് 160 കോടിയോളം മനുഷ്യർ കാടിനെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് അതുകൊണ്ടുതന്നെ വന സംരക്ഷണം അതീവ പ്രാധാന്യം അർഹിക്കുന്നു. 18 ശതമാനം വരുന്ന സംരക്ഷിത വനങ്ങൾക്ക് ഉപരിയായി എല്ലാ വനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനമന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജനങ്ങളുമായി ചേർന്നുള്ള പ്രവർത്തനങ്ങളാണ് വനം വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതെന്നും ജനങ്ങളുടെ ജീവിതം ആയാസരഹിതമാക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നൽകുന്നതെന്നും മന്ത്രി പറഞ്ഞു.
വനം വകുപ്പ് മേധാവി ഗംഗാസിങ്, അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ രാജേഷ് രവീന്ദ്രൻ, ഡോ. ചന്ദ്രശേഖർ, ഡോ. ജെ ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.
പി.എൻ.എക്സ്. 66/2025
- Log in to post comments