സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും മാറ്റിനിർത്താനാകില്ല: മന്ത്രി വീണാ ജോർജ്
* പ്രതിഭ 2024: ദശദിന നേതൃത്വ വികസന ക്യാമ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു
സ്വയം വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും ആരേയും മാറ്റിനിർത്താനാകില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിശ്വാസമുണ്ടെങ്കിൽ ഒരാൾക്കും പിന്നോട്ട് നിർത്താനുമാകില്ല. മാറ്റം നിങ്ങളിൽ നിന്നുമുണ്ടാകണം. ലോകത്തെ മാറ്റാൻ ഓരോരുത്തർക്കും കഴിയും. പ്രതിഭ 2024 ക്യാമ്പിലൂടെ വനിതകൾക്ക് സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ സജീവ പങ്കാളിത്തം വഹിക്കാൻ കഴിയും. അവർ ഭാവിയിലെ നേതാക്കളായി മാറുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്തെ ഭാവി വനിതാ നേതാക്കളെ വാർത്തെടുക്കുന്നതിനായി വനിതാ വികസന കോർപ്പറേഷൻ സംഘടിപ്പിച്ച പ്രതിഭ-2024 ഫ്യൂച്ചർ വിമൻ ലീഡേഴ്സ് ഗ്രൂമിങ് പ്രോഗ്രാം, ദശദിന നേതൃത്വ വികസന ക്യാമ്പ് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെന്ററിൽ നടന്ന ക്യാമ്പിൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വനിതാ ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് എന്നിവർ ക്യാമ്പ് സന്ദർശിക്കുകയും വിദ്യാർഥിനികളോട് സംസാരിക്കുകയും ചെയ്തു. സാമൂഹ്യ-രാഷ്ട്രീയ-ഭരണ മേഖലകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും നേതൃത്വ സ്ഥാനങ്ങളിലേക്ക് ഉയരുവാൻ അവരെ പ്രാപ്തരാക്കുന്നതിനുമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. സംസ്ഥാനത്തെ വിവിധ കോളേജുകളിലെ തെരഞ്ഞെടുത്ത അവസാന വർഷ ബിരുദ വിദ്യാർത്ഥിനികളാണ് ക്യാമ്പിൽ പങ്കെടുത്തത്. വനിതാ വികസന കോർപ്പറേഷൻ എംഡി ബിന്ദു വി.സി ക്യാമ്പിന് നേതൃത്വം നൽകി.
പി.എൻ.എക്സ്. 67/2025
- Log in to post comments