ക്ഷയരോഗ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്കിടയിൽ ഒരു ജീവൻരക്ഷാ പ്രവർത്തനം
* ആത്മഹത്യയിൽ നിന്നും വയോധികനെ രക്ഷിച്ചു
മലപ്പുറം ജില്ലയിൽ നൂറുദിന ക്ഷയരോഗ നിർമ്മാർജ്ജന ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ഫീൽഡ് സന്ദർശനത്തിനിടയിൽ ജീവൻ രക്ഷാ പ്രവർത്തനം നടത്തി ആരോഗ്യ പ്രവർത്തകർ. ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് വയോധികനെ രക്ഷപ്പെടുത്തി പരിരക്ഷ ഉറപ്പാക്കിയത്. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികന്റെ പ്രശ്നങ്ങൾ മനസിലാക്കുകയും വീട് ആരോഗ്യ പ്രവർത്തകർ തന്നെ വൃത്തിയാക്കുകയും തകരാറിലായ വൈദ്യുതി സംവിധാനം ശരിയാക്കി നൽകുകയും ചെയ്തു. അദ്ദേഹത്തിന്റെ മക്കളേയും മറ്റു ബന്ധുക്കളേയും വിവരമറിയിക്കുകയും അദ്ദേഹത്തെ സാന്ത്വനിപ്പിക്കുകയും ചെയ്തു. മാതൃകാപരമായ പ്രവർത്തനം നടത്തി ജീവൻ രക്ഷിച്ച മുഴുവൻ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
സാധാരണ പോലെയാണ് താനൂർ സമൂഹികാരോരോഗ്യ കേന്ദ്രത്തിൽ നിന്നും ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് രമ്യ, സനൽ എസ്, എംഎൽഎസ്പി ഹാജറ പി.കെ, ആശാവർക്കർ തെസ്ലിന എന്നിവർ ഫീൽഡ് സന്ദർശത്തിനായി ഇറങ്ങിയത്. അപ്പോഴാണ് ഒരു വീട്ടിൽ വയോധികൻ ആത്മഹത്യക്ക് ശ്രമിക്കുന്നതായി കാണാനിടയായത്. ഉടൻതന്നെ അദ്ദേഹത്തെ ഇതിൽനിന്ന് പിന്തിരിപ്പിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ, ആർ.ആർ.ടി. അംഗം, കൗൺസിലർ എന്നിവരെ വിവരം അറിയിച്ചു. ആരോഗ്യ പ്രവർത്തകർ സംസാരിച്ച് കാര്യങ്ങൾ വിശദീകരിക്കുകയും പ്രശ്നം രമ്യമായി പരിഹരിക്കുകയും ചെയ്തു. കൂടാതെ പോലീസ്, സാമൂഹ്യനീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരെ വിവരം അറിയിക്കുകയും അദ്ദേഹത്തിന് വേണ്ട മറ്റു സഹായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
പി.എൻ.എക്സ്. 68/2025
- Log in to post comments