ലോകസഞ്ചാരിയും വിനോദസഞ്ചാരവകുപ്പ് മന്ത്രിയും ഒരേ വേദിയിലെത്തും
* നിയമസഭാ പുസ്തകോത്സവത്തിൽ 13 ഡയലോഗ് സെഷനുകൾ
വിനോദസഞ്ചാരത്തിന്റെ അനന്തസാധ്യതകളിലേക്കുള്ള ചർച്ചകളുമായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും ലോക സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയും പുസ്തകോത്സവത്തിൽ ഒരേ വേദിയിൽ എത്തും. നിയമസഭയുടെ ആഭിമുഖ്യത്തിൽ വായനയാണ് ലഹരി എന്ന പ്രമേയത്തിൽ ജനുവരി 7 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഡയലോഗ് സെഷനിലാണ് ഇരുവരും വേദി പങ്കിടുക. പ്രമുഖ രാഷ്ട്രീയ നേതാവായ മൂഹമ്മദ് യൂസഫ് തരിഗാമിയുമായി മന്ത്രി എം ബി രാജേഷും സംവദിക്കാനെത്തുന്നുണ്ട്. ശ്രീലങ്കൻ എഴുത്തുകാരി വി വി പത്മസീലി ഉൾപ്പെടെയുള്ള പ്രശസ്ത സാഹിത്യകാരും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളും ഡയലോഗ് സെഷനിൽ അതിഥികളാകും.
ഉദ്ഘാടന ദിനമായ ചൊവ്വാഴ്ച മേതിൽ ദേവികയും ശ്രീജ ശ്യാമും സെഷന് തുടക്കമിടും. നോവലും ദേശചരിത്രവും എന്ന വിഷയത്തിൽ വി കെ ശ്രീരാമനും റ്റി ഡി രാമകൃഷ്ണനും പിന്നാലെ സംവദിക്കും. രണ്ടാം ദിവസമാണ് മന്ത്രി പി എ മുഹമ്മദ് റിയാസും സന്തോഷ് ജോർജ് കുളങ്ങരയും പങ്കെടുക്കുന്നത്. വായനയുടെ രാഷ്ട്രീയത്തെക്കുറിച്ച് എം സ്വരാജും കെ എസ് ശബരീനാഥനും മൂന്നാം ദിനത്തിൽ മനസ്സുതുറക്കും.
നാലാം ദിനത്തിൽ രഞ്ജു രഞ്ചിമാറും അനസ് എൻ എസും ഷാഹിന കെ റഫീഖും ഡോ. പ്രിയ കെ നായരും അതിഥികളാകും. ജനാധിപത്യം വിചാരണയിൽ : ഇന്ത്യയിലെ ആധിപത്യവും വിയോജിപ്പും എന്ന വിഷയത്തിൽ സോയ ഹസനും സുധീർ ദേവദാസും ഫിക്ഷന്റെ നിർമാണ കലയെക്കുറിച്ച് ജി ആർ ഇന്ദുഗോപനും ഇ സന്തോഷ് കുമാറും അഞ്ചാം ദിവസം ആശയവിനിമയം നടത്തും. അന്നേദിവസം രമേഷ് പിഷാരടിയും ബാബു രാമചന്ദ്രനും എത്തുന്നുണ്ട്.
ആറാം ദിനം ചരിത്രത്തിലെ ഹിന്ദു എന്ന വിഷയത്തിൽ മനു എസ് പിള്ളയും എൻ ഇ സുധീറും പെരുകുന്ന പുസ്തകങ്ങൾ- മാറുന്ന വായനയെക്കുറിച്ച് അശോകൻ ചാരുവിലും അഷ്ടമൂർത്തിയും സംസാരിക്കും. സമാപന ദിനത്തിലാണ് മുഹമ്മദ് യൂസഫ് തരിഗാമിയും മന്ത്രി എം ബി രാജേഷും പങ്കെടുക്കുക. അന്നേദിവസം കുട്ടികളുടെ വായനാശീലവും ആജീവനാന്ത പഠനങ്ങളും എന്ന വിഷയത്തിൽ പ്രശസ്ത ശ്രീലങ്കൻ സാഹിത്യകാരി വി വി പത്മസീലിയും പുഷ്പാ കുറുപ്പും സംവദിക്കും.
മുന്നൂറിലധികം പുസ്തക പ്രകാശനങ്ങളും അറുപതിലധികം പുസ്തക ചർച്ചകളും വിവിധ വേദികളിലായി നടക്കും. ടോക്ക്, പാനൽചർച്ച മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾക്ക് പുസ്തകോത്സവം വേദിയാകും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിനും നിയമസഭ കാണുന്നതിനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.
പി.എൻ.എക്സ്. 70/2025
- Log in to post comments