Skip to main content

സംരംഭകര്‍ക്ക് പിന്തുണയായി സര്‍ക്കാര്‍ ഒപ്പമുണ്ട് : മന്ത്രി എം.ബി. രാജേഷ്

 

ചെറുകിട സൂഷ്മ ഇടത്തരം വ്യവസായങ്ങള്‍ക്ക് (എം എസ് എം ഇ)വലിയ മുതല്‍ മുടക്ക് ആവശ്യമില്ലെങ്കിലും കൈത്താങ്ങ് ആവശ്യമാണെന്നും ഇവര്‍ക്ക് പിന്തുണയായും വഴികാട്ടിയായും സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും തദ്ദേശ സ്വയം ഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. വ്യവസായ വകുപ്പിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി നടന്ന സംരംഭക സഭയുടെ ജില്ലാതല ഉദ്ഘാടനം കൂറ്റനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സര്‍ക്കാര്‍ ജോലി അല്ലാതെ മറ്റൊരു സാധ്യത ഇല്ലെന്ന സാഹചര്യത്തില്‍ നിന്ന് സംരംഭങ്ങള്‍ ആരംഭിക്കാമെന്ന സ്ഥിതി വന്നു. സംരംഭം തുടങ്ങുന്നതിന് ലൈസന്‍സ്, അനുമതികള്‍ എന്നിവയ്ക്കായി സമീപിക്കുമ്പോള്‍ സംരംഭകരെ വട്ടം കറക്കുന്നവരായാണ് തദ്ദേശ സ്ഥാപനങ്ങളെ മുമ്പ് കണ്ടിരുന്നത്. എന്നാല്‍ അത്തരം സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നു. അത്തരം മാറ്റങ്ങള്‍ ത്വരിതപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തിവരുന്നതിന്റെ ഭാഗമായി 300 ല്‍ അധികം ചട്ടങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തും. മറ്റു മേഖലകളില്‍ ഉള്‍പ്പെടെ ജനങ്ങളെ വലയ്ക്കുന്ന നൂലാമാലകളില്‍ നിന്നും മോചിപ്പിക്കാനാണ് ചട്ടഭേദഗതികള്‍ വരുത്തുന്നത്. വ്യവസായ സൗഹൃദ സൂചിക കേരളത്തില്‍ വളരെ പിന്നിലായിരുന്നെങ്കിലും 28 ാം സ്ഥാനത്തു നിന്ന് ഒന്നാം സ്ഥാനത്തെത്താനായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  വി പി റജീന അധ്യക്ഷയായി, വിവിധ പഞ്ചായത്ത് പ്രസിഡന്റ്മാരായ പി കെ ജയ,  ഷറഫുദ്ദീന്‍ കളത്തില്‍, കെ മുഹമ്മദ്, ജില്ലാ പഞ്ചായത്തംഗം ഷാനിബ ടീച്ചര്‍, ഡിപിപി ഗോപിനാഥന്‍, പഞ്ചായത്തുകളില്‍ രൂപീകരിച്ച സംരംഭങ്ങളുടെയും പദ്ധതിക്ക് മുമ്പ് ആരംഭിച്ച സംരംഭങ്ങളുടെയും പ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

date