Skip to main content

വിജ്ഞാന കേരളം : പ്രൊഫഷണല്‍ മെന്റര്‍മാരുടെ കൂട്ടായ്മ രൂപീകരിക്കും

 

 

കേരളത്തെ ഒരു വിജ്ഞാന സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ  സര്‍ക്കാര്‍ തുടക്കം കുറിച്ച കേരള നോളജ് എക്കണോമി മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പ്രത്യേക തൊഴില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാധ്യാപകര്‍, പ്ലേസ്‌മെന്റ് ഓഫീസര്‍മാര്‍ എന്നിവരുടെ യോഗം ചേര്‍ന്നു.

 

പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴില്‍ മേഖലയിലേക്ക് എത്തിക്കുന്നതിനാവശ്യമായ നിരന്തര പിന്തുണയും സേവനവും നല്‍കുന്നതിന് പ്രാപ്തരായ പ്രൊഫഷണല്‍ മെന്റര്‍മാരെ മണ്ഡലത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും കണ്ടെത്തുവാന്‍ തീരുമാനിച്ചു. ഐ ടി, വിദ്യാഭ്യാസം, ഓട്ടോ മോടീവ്, നിര്‍മാണം, മാനേജ്‌മെന്റ്, കൊമേഴ്‌സ്, മാനുഫാക്ചറിങ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ആരോഗ്യം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധരെയാണ് പ്രൊഫഷണല്‍ മെന്റര്‍മാരായി കണ്ടെത്തുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും കൗണ്‍സിലിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.

യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ അവസരങ്ങള്‍ നോളേജ് മിഷന്‍ വഴി ലഭ്യമാക്കും. ജോലിക്ക് അപേക്ഷിക്കുന്ന തൊഴിലന്വേഷകരുടെ വിവരം ബന്ധപ്പെട്ട പ്രൊഫഷണല്‍ മെന്റര്‍ക്ക് ലഭ്യമാക്കും. ജോബ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചും ഓണ്‍ ലൈന്‍ ആയും തൊഴില്‍ അന്വേഷകരെ മെന്ററിങ് ചെയ്യാന്‍ പ്രൊഫഷണല്‍ കമ്മ്യൂണിറ്റി മെന്റര്‍മാര്‍ക്ക് സൗകര്യമൊരുക്കും. തൊഴിലന്വേഷകര്‍ക്കുള്ള ഓറിയന്റേഷന്‍ പ്രോഗ്രാമുകളും സംഘടിപ്പിക്കും. 2025 ഏപ്രിലിനുള്ളില്‍ മണ്ഡലത്തില്‍ കുറഞ്ഞത് 1000 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്രൊഫഷണല്‍ കമ്മ്യൂണിറ്റി മെന്റര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. എം എല്‍ എ അഡ്വ. കെ. പ്രേം കുമാര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു, കേരള നോളജ് ഇക്കോണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി എസ് ശ്രീകല പദ്ധതി വിശദീകരണം നടത്തി. ഒറ്റപ്പാലം നഗരസഭാ അധ്യക്ഷ കെ ജാനകി ദേവി, അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് വിജയ ലക്ഷ്മി ടീച്ചര്‍, കടമ്പഴിപുറം പഞ്ചായത്ത് പ്രസിഡന്റ് പി ശാസ്താകുമാര്‍, ലക്കിടി പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വിജയകുമാര്‍  കേരള നോളജ് എക്കണോമി മിഷന്‍ ഡി പി എം എ ജി ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date