Skip to main content
മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക ഹാളിൽ നടത്തിയ തെളിവെടുപ്പിൽ സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. സംസാരിക്കുന്നു. എം.എൽ.എ.മാരും സമിതി അംഗങ്ങളുമായ എം.കെ. അക്ബർ, കാനത്തിൽ ജമീല, സി.കെ. ആശ എം.എൽ.എ. എന്നിവർ സമീപം.

ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിഞ്ഞ് നിയമസഭാ സമിതി

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി വൈക്കത്തും ചെമ്പിലും തെളിവെടുപ്പ് നടത്തി. സമിതി ചെയർമാൻ പി. പി. ചിത്തരഞ്ജൻ എം.എൽ.എ., എം.എൽ.എ.മാരും സമിതി അംഗങ്ങളുുമായ കാനത്തിൽ ജമീല, എം.കെ. അക്ബർ എന്നിവരാണ് സിറ്റിങ് നടത്തിയത്. സി.കെ. ആശ എം.എൽ.എ. പങ്കെടുത്തു.
ഉൾനാടൻ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്‌നങ്ങൾ, മത്സ്യ ലഭ്യതക്കുറവ്, കായൽ മലിനീകരണം, പോളപായൽ മൂലമുള്ള പ്രശ്‌നങ്ങൾ എന്നിവയേക്കുറിച്ചെല്ലാം സമിതി അംഗങ്ങൾ മത്സ്യത്തൊഴിലാളികളിൽ നിന്നും മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഉതകുന്ന രീതിയിൽ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു.
വേമ്പനാട്ടുകായലിന്റെയും അനുബന്ധ തോടുകളുടെയും മലിനീകരണം ഒഴിവാക്കുന്നതിന് സ്വീകരിച്ച നടപടികൾ തീരദേശ പഞ്ചായത്തുകളുടെയും വൈക്കം നഗരസഭയുടെയും സെക്രട്ടറിമാർ വിശദീകരിച്ചു. തണ്ണീർമുഖം ബണ്ട് കൃത്യമായി തുറക്കുകയും അടയ്ക്കുകയും ചെയ്യാത്തതു സംബന്ധിച്ചായിരുന്നു പരാതികളിൽ ഏറെയും. ഹൗസ് ബോട്ടുകളിൽ നിന്നുള്ള മാലിന്യം കായലിൽ തള്ളുന്നതിനെതിരേയും പരാതി ഉയർന്നു.
ഹൗസ് ബോട്ടുകളിൽ ഗ്യാസ് കിറ്റുകൾ ഏർപ്പെടുത്തി ഡീസലും മണ്ണെണ്ണയും കായലിൽ കലരുന്നത് തടയണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റിയംഗം കെ.എൻ. നടേശൻ ആവശ്യപ്പെട്ടു. സ്വകാര്യ ലോബികൾ വ്യാപകമായി മല്ലിക്കക്ക വാരുന്നത് തടയാനും നടപടി ഉണ്ടാവണം. നഞ്ചുകലക്കൽ അടക്കമുള്ള അശാസ്ത്രീയമായ മീൻപിടിത്തം തടയാനും നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തണ്ണീർമുക്കം ബണ്ട് കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നതിന് സമിതി സർക്കാരിന് നിർദ്ദേശം നൽകണമെന്ന് ധീവരസഭ ജില്ലാ സെക്രട്ടറി വി.എം. ഷാജി യോഗത്തിൽ ആവശ്യപ്പെട്ടു. കായലിനോട് ചേർന്നുള്ള പഞ്ചായത്തുകളെ തീരദേശ പരിപാലന നിയമത്തിൽ നിന്ന് ഒഴിവാക്കണമെന്നും അഞ്ചു സെന്റിൽ താഴെ ഭൂമിയുള്ളവരാണ് പലരുമെന്നും അവർക്കു വീട് പുനർനിർമിക്കാൻകഴിയുന്നില്ലെന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധിയിലേക്ക് അംശദായം അടയ്ക്കുന്നവർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വേമ്പനാട്ടുകായലിന്റെ നവീകരണത്തിന് ഒരു അതോറിറ്റി രൂപീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) ജില്ലാ സെക്രട്ടറി ഡി. ബാബു ആവശ്യപ്പെട്ടു. കായലിൽ അടിഞ്ഞിരിക്കുന്ന പായലും മാലിന്യങ്ങളും നീക്കുകയാണ് മത്സ്യത്തൊഴിലാളികളുടെ പ്രധാന ആവശ്യമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം വീണ പറഞ്ഞു. മൂന്നുവർഷം കൂടുമ്പോൾ ഒരു വർഷം തണ്ണീർമുക്കം ബണ്ട് പൂർണമായും തുറന്നിടണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്ന് മത്സ്യത്തൊഴിലാളി  കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജെ. വാസുദേവൻ ചൂണ്ടിക്കാട്ടി.
വ്യവസായശാലകളിൽ നിന്നുള്ള രാസമാലിന്യം വേമ്പനാട്ടുകായലിൽ കലരുന്നതായി മത്സ്യത്തൊഴിലാളി കെ.എൻ. മോഹനൻ പറഞ്ഞു. വൈക്കത്തെ ഫിഷ് മാർക്കറ്റിൽനിന്നുള്ള മാലിന്യം കായലിൽ തള്ളുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തണ്ണീർമുക്കം ബണ്ടിനോട് ചേർന്നുള്ള മൺചിറകൾ നീക്കം ചെയ്യുന്നത് നടപടി ഉണ്ടായില്ലെന്ന് ഫിഷറീസ് കോ-ഓർഡിനേഷൻ തലയാഴം പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ. സുഗുണൻ സമിതിയെ അറിയിച്ചു.
വൈക്കം സത്യഗ്രഹ ശതാബ്ദി സ്മാരക ഹാളിൽ നടന്ന തെളിവെടുപ്പിൽ സി.കെ. ആശ എം.എൽ.എ., വൈക്കം നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, കോട്ടയം ഡെപ്യൂട്ടി കളക്ടർ ജിനു പുന്നൂസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രമേഷ് ശശിധരൻ, ജ്യോതി ലാൽ എന്നിവർ പങ്കെടുത്തു.
തുടർന്ന് മത്സ്യബന്ധനമേഖലയായ ഉൾനാടൻ ജലാശയങ്ങളും ചെമ്പ് ഫിഷ് ലാൻഡിങ് സെന്ററും സമിതി സന്ദർശിച്ചു.

date