Skip to main content

ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ സര്‍വ്വേയ്ക്ക് ജില്ലയില്‍ തുടക്കമായി

മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജൈവ മാലിന്യ ഉപാധികളുടെ സര്‍വ്വേ ആരംഭിച്ചു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലെ ഡോ. ഷിബുവിന്റെ വീട്ടില്‍ ജൈവമാലിന്യ സംസ്‌കരണ സംവിധാനങ്ങളുടെ വിവരം ശേഖരിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സര്‍വേയ്ക്ക് തുടക്കം കുറിച്ചു. ജനുവരി 6 മുതല്‍ 12 വരെ നീണ്ടുനില്‍ക്കുന്ന സര്‍വ്വേയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലും സര്‍വ്വേ ടീം ഗൃഹ സന്ദര്‍ശനം നടത്തി നിലവിലുള്ള ജൈവമാലിന്യ സംസ്‌കരണ ഉപാധികളുടെ വിവരം ശേഖരിക്കുകയും കാര്യക്ഷമത വിലയിരുത്തി പ്രവര്‍ത്തനക്ഷമമാക്കുന്നതിനുള്ള ഇടപെടല്‍ ഉറപ്പ് വരുത്തുകയും ചെയ്യും.
ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിലും വാര്‍ഡ് തലത്തിലും സര്‍വേ കമ്മിറ്റികളും സര്‍വ്വേ ടീമും മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
2025 മാര്‍ച്ച് 30 നകം സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത പദവിയില്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് കാമ്പയിന്‍ നടത്തുന്നത്. 
തദ്ദേശ വകുപ്പ് ആലപ്പുഴ ജില്ലാ ജോയിന്റ് ഡയറക്ടര്‍ എസ് ശ്രീകുമാര്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി സൈറസ്, അസിസ്റ്റന്റ് ഡയറക്ടര്‍ സി കെ. ഷിബു, നവകേരള മിഷന്‍ കോഡിനേറ്റര്‍ കെ എസ് രാജേഷ്, ഐ കെ എസ് ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ യു നജീബ് , സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ കല അശോകന്‍, പഞ്ചായത്ത് സെക്രട്ടറി ആര്‍ ആര്‍ സൗമ്യറാണി, കുടുംബശ്രീ മിഷന്‍, ശുചിത്വ മിഷന്‍ പ്രതിനിധികള്‍, ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍,  ജീവനക്കാര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ജില്ലാതല സര്‍വ്വേ ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളായി.
(പി.ആര്‍/എ.എല്‍.പി/76)

date