Skip to main content
വലിച്ചെറിയൽമുക്ത പാതയോരങ്ങളുടെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ ജോൺ വി. സാമുവലും ചേർന്ന് പ്രകാശനം ചെയ്യുന്നു.

വലിച്ചെറിയൽമുക്ത പാതയോരങ്ങൾ പദ്ധതിക്കു ജില്ലയിൽ തുടക്കം

 മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ നടപ്പാക്കുന്ന 'വലിച്ചെറിയൽമുക്ത പാതയോരങ്ങൾ'പദ്ധതിക്ക് തുടക്കം.
ജില്ലയിൽ എം.സി.റോഡ്, കെ.കെ. റോഡ് തുടങ്ങിയ പ്രധാന പാതയോരങ്ങൾ വലിച്ചെറിയൽ മുക്തമാക്കുകയാണ് ലക്ഷ്യം. കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 75-ാംവാർഷികത്തിൽ കുറഞ്ഞത് 75 ജങ്്ഷനുകൾ സൗന്ദര്യവത്കരിക്കുന്ന പദ്ധതി ഇതോടൊപ്പം വിഭാവനം ചെയ്യുന്നു.
പാഴവസ്തുക്കൾ സ്ഥിരമായി വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി അവിടം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ നടത്തും. ഓരോ ചെറിയ പ്രദേശത്തിന്റെയും ചുമതല തദ്ദേശസ്ഥാപന പരിധിയിലുള്ള സംഘടനകൾക്കും ക്ലബ്ബുകൾക്കുമായിരിക്കും. പൊതു ഇടങ്ങളിൽ മാലിന്യസംസ്‌കരണത്തിന്  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളോടൊപ്പം യുവജനങ്ങളും കൈകോർക്കും. യുവജനകൂട്ടായ്മകൾ, റസിഡൻസ് അസോസിയേഷൻ, രാഷ്ട്രീയസംഘടനകൾ, സർവീസ്-തൊഴിലാളി സംഘടനകൾ, എൻ.ജി.ഒ.കൾ, കലാ-സാംസ്‌കാരിക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി പ്രാവർത്തികമാക്കുക. വലിച്ചെറിയൽമുക്ത പാതയോരങ്ങളുടെ ലോഗോ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും ജില്ലാ കളക്ടർ ജോൺ വി. സാമുവലും ചേർന്ന് പ്രകാശനം ചെയ്തു. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽപെട്ടാൽ 9446700800 എന്ന വാട്ട്സ് ആപ്പ് നമ്പറിൽ അറിയിക്കാമെന്ന് അധികൃതർ അറിയിച്ചു. ഫെബ്രുവരി 28നകം പദ്ധതി വിജയകരമായി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.
 
പദ്ധതിയുടെ ലക്ഷ്യം

- ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന പാതയോരങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞ് വൃത്തികേടാക്കുന്നില്ലെന്ന് ഉറപ്പാക്കൽ.
-റോഡിന് ഇരുവശത്തും സാധ്യമായ സ്ഥലത്തെല്ലാം പൂച്ചെടികളും മറ്റും വച്ചുപിടിപ്പിച്ച് മനോഹരമാക്കുക.
-സി.സി.ടി.വി. ക്യാമറ നീരീക്ഷണമുള്ള പൊതുസ്ഥലങ്ങളിൽ ബിന്നുകൾ സ്ഥാപിക്കുക.
-വ്യാപാരി വ്യവസായികളുടെ സഹകരണത്തോടെ എല്ലാസ്ഥാപനങ്ങളിലും ആവിശ്യാനുസരണം ബിന്നുകൾ സ്ഥാപിക്കുക
-ആവശ്യമായ ബോധവൽക്കരണ ബോർഡുകൾ സ്ഥാപിക്കുക.
-റോഡിലൂടെ സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുക.
-ഗ്രാമപഞ്ചായത്തുകളിൽ കുറഞ്ഞത് ഒരു ജങ്്ഷനും നഗരസഭകളിൽ രണ്ടു ജങ്ഷനുകളും ഭംഗിയാക്കും.

date