Skip to main content

സംരംഭക വികസനത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്തണം: മന്ത്രി കെ. രാജൻ*

 

സംരംഭക വികസനത്തിന്റെ പുതിയ സാധ്യതകൾ കണ്ടെത്താൻ എല്ലാവരും തയ്യാറാകണമെന്ന് മന്ത്രി കെ രാജൻ. പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ആരംഭിച്ച പടവ് സ്റ്റാർട്ട് അപ്പ് സെൻ്റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്റ്റാർട്ടപ്പ് സെൻ്റർ ആരംഭിച്ച പറവൂർ മാതൃകയായിരിക്കുകയാണ്. ശമ്പളം വാങ്ങുന്ന ജോലിക്ക് പകരം സ്വന്തം സംരംഭങ്ങൾ ആരംഭിച്ച് വലിയ വിജയം നേടി മുന്നേറാൻ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്. സംരംഭക വർഷം പദ്ധതിയുടെ ഒരു വർഷം ഒരു ലക്ഷത്തിലധികം സംരംഭങ്ങൾക്ക് തുടക്കമായി. തൊഴിൽ രംഗത്തും സാമ്പത്തിക രംഗത്തും വലിയ മാറ്റമാണ് സംരംഭക വർഷം പദ്ധതി സൃഷ്ടിച്ചത്. തൊഴിൽ സർക്കാരിന് മാത്രം നൽകാൻ കഴിയുന്നതല്ല. അഭ്യസ്തവിദ്യയുടെ എണ്ണം വർദ്ധിക്കുകയാണ്. സംരംഭങ്ങളുടെ സാധ്യതകളിലൂടെ പുതിയ തൊഴിലുകൾ കണ്ടെത്താൻ കഴിയണം. 

തളിര് പദ്ധതി പ്രകാരമുള്ള ബയോ ബിന്നുകളുടെ വിതരണം കോട്ടുവള്ളി ഗവൺമെൻറ് യുപി സ്കൂൾ പ്രധാനാധ്യാപിക ചിത്ര പ്രഭയ്ക്ക് നൽകി മന്ത്രി നിർവഹിച്ചു. കോട്ടുവള്ളി, ചേന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങളെ മന്ത്രി ആദരിച്ചു. മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ഹരിത സ്ഥാപനങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. 

പടവ് സ്റ്റാറ്റസ് സെന്ററിന് എല്ലാവിധ ആശംസകളും ചടങ്ങിൽ അധ്യക്ഷത വഹിച്ച നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേർന്നു. 

ജില്ലാ പഞ്ചായത്ത് അംഗം എ എസ് അനിൽകുമാർ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, വൈസ് പ്രസിഡന്റ് കെ എസ് സനീഷ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ എസ് ഷാജി, രശ്മി അനിൽകുമാർ, എം എസ് രതീഷ്, ചാന്ദിനി ഗോപകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഗാന അനൂപ്, ബാബുതമ്പുരാട്ടി, ബബിത ദിലീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ സജിന സൈമൺ നിതാ സ്റ്റാലിൻ മണി ടീച്ചർ സിംന സന്തോഷ് ആൻറണി കോട്ടക്കൽ ജെൻസി തോമസ്എ കെ മുരളീധരൻ, പറവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി. വി പ്രതീക്ഷ തുടങ്ങിയവർ പങ്കെടുത്തു. 

മാലിന്യ സംസ്കരണത്തിനായുള്ള എക്കോ മേറ്റ് എന്ന സ്റ്റാർട്ടപ്പ് സംരംഭമാണ് സ്റ്റാർട്ട് അപ്പ് സെൻ്ററിൽ ആരംഭിക്കുന്നത്. ഹരിത കർമ്മ സേനയിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരിച്ച് പുനചംക്രമണം ചെയ്യുന്ന പ്രവർത്തനമാണ് കമ്പനി ചെയ്യുന്നത്. സുനിൽ വാസുദേവ്, സുബിൻ ബേബി, എം.കെ. ഷാഹിദ്, നസീർ തുടങ്ങിയവരാണ് സ്റ്റാർട്ട് അപ്പിന് പിന്നിൽ.

റവന്യൂ ഭൂമി എംസിഎഫിന് അനുവദിക്കും: മന്ത്രി കെ രാജൻ

പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ആരംഭിക്കുന്നതിന് റവന്യൂ പുറമ്പോക്ക് ഭൂമി ലഭ്യമാണെങ്കിൽ അനുവദിക്കുമെന്ന് മന്ത്രി കെ രാജൻ. മാലിന്യമുക്ത നവ കേരളത്തിനായി സമഗ്രമായ പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. സംസ്ഥാനം വിവിധ മേഖലകളിൽ കൈവരിച്ച നേട്ടങ്ങളുടെ നിറം മങ്ങിപ്പിക്കുന്നതാണ് മാലിന്യ പ്രശ്നം. ഹരിത കർമ്മ സേന മാലിന്യമുക്ത നവ കേരളത്തിനായുള്ള പ്രവർത്തനങ്ങളെ മുന്നിൽ നിന്ന് നയിക്കുന്നു. മാലിന്യമുക്ത പ്രവർത്തനങ്ങളിൽ പറവൂർ ബ്ലോക്കിന് ഒന്നാം സ്ഥാനത്ത് എത്താൻ കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

date