Skip to main content

വഴയില-പഴകുറ്റി നാലുവരിപ്പാത വികസനം

***രണ്ടാം റീച്ചിലെ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുകയായ 284.18 കോടി രൂപ മന്ത്രി ജി.ആര്‍. അനില്‍ ജില്ലാ കളക്ടര്‍ക്കു  കൈമാറി

തിരുവനന്തപുരം : വഴയില-പഴകുറ്റി നാലുവരിപ്പാതയുടെ  രണ്ടാം റീച്ചായ കെല്‍ട്രോണ്‍ ജംഗ്ഷന്‍ മുതല്‍ വാളിക്കോട് വരെയുള്ള  ഭൂമി വിട്ടുനല്‍കുന്നവര്‍ക്കുള്ള  നഷ്ടപരിഹാര തുകയായ  284.18 കോടി രൂപ ഭക്ഷ്യ ,സിവില്‍ സപ്ലൈസ് വകുപ്പ്  മന്ത്രി ജി.ആര്‍. അനില്‍ ജില്ലാ കളക്ടര്‍ അനു കുമാരി ഐ.എ.എസ്‌ നു  കൈമാറി. ചടങ്ങില്‍  ജി. സ്റ്റീഫന്‍ എം .എല്‍ .എ , എ.ഡി.എം വിനീത് ടി.കെ, അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍ ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പുരോഗമിക്കുന്നതില്‍  മന്ത്രിയുടെ പിന്തുണ പ്രശംസനീയമാണെന്ന്  ജി. സ്റ്റീഫന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.

ഈ റീച്ചില്‍ 312 കുടുംബങ്ങളില്‍ നിന്നായി 11.9 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്, 80 പേര്‍ക്ക്  പൂര്‍ണ്ണമായി വീടുകള്‍ നഷ്ടപ്പെടുകയാണ്.   ഇവര്‍ക്ക് മതിയായ നഷ്ടപരിഹാര തുക ഉറപ്പാക്കും. സര്‍ക്കാര്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിലൂടെയാണ് തുക റവന്യു ലാന്റ് അക്വിസേഷന്‍ തഹസീല്‍ദാര്‍ക്ക്  കൈമാറിയത്. ഇത് സംസ്ഥാനത്തിന്റെ വികസന പ്രതിബദ്ധതയും സാമ്പത്തിക കാര്യക്ഷമതയും തെളിയിക്കുന്നു. പദ്ധതിയുടെ ആദ്യ റീച്ചില്‍ നഷ്ടപരിഹാര തുക വിതരണത്തിനായി  190.57 കോടി ചെലവഴിച്ചിരുന്നു. പുനരധിവാസ പാക്കേജ് ഇനത്തില്‍ അര്‍ഹതയ്ക്കനുസരിച്ച്പുറമ്പോക്കില്‍ കച്ചവടം നടത്തുന്നവര്‍ക്ക്  ഉള്‍പ്പെടെ  30,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെ  നല്‍കുന്നുണ്ട്.

വഴയില മുതല്‍ പഴകുറ്റി വരെ 9.5 കിലോമീറ്ററും, നെടുമങ്ങാട് ടൗണില്‍ പഴകുറ്റി പെട്രോള്‍ പമ്പ് ജംഗ്ഷനില്‍ നിന്ന് 11-ാം കല്ല് വരെയുള്ള 1.2 കിലോമീറ്റര്‍ ഉള്‍പ്പെടെ 11.2 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതിയുടെ നിര്‍മ്മാണം.19 (1) പബ്ലിഷ് ചെയ്ത് അവാര്‍ഡ് എന്‍ക്വയറി പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം തുക വിതരണം ചെയ്യുന്ന നടപടികളുമായി മുന്നോട്ടു പോകാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

ആദ്യ റീച്ചിലെ കരകുളം ഫ്‌ളൈഓവര്‍  നിര്‍മാണത്തിന്റെ പൈലിംഗ് വര്‍ക്കുകള്‍ നടന്നുവരികയാണ്. ആകെയുള്ള 48 പൈലുകളില്‍ ഒമ്പതെണ്ണം പൂര്‍ത്തിയായി. ഇതോടൊപ്പം ഫൗണ്ടേഷന്‍ വര്‍ക്കുകളും നടന്നു വരികയാണ്. 2025 ഡിസംബര്‍ 31നകം ആദ്യ റീച്ചിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നെതന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

date