Skip to main content
.

കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത് അടിയന്തര പ്രാധാന്യമുള്ള  വിഷയങ്ങളിൽ പരിഹാരം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത്

അടിയന്തര പ്രാധാന്യമുള്ള  വിഷയങ്ങളിൽ പരിഹാരം ലക്ഷ്യം: മന്ത്രി ജെ. ചിഞ്ചുറാണി

അടിയന്തര പ്രാധാന്യം അർഹിക്കുന്ന വിഷയങ്ങളിൽ പരിഹാര നിർദ്ദേശങ്ങൾ നൽകുകയാണ് അദാലത്തുകളുടെ ലക്ഷ്യമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. കരുനാഗപ്പള്ളി താലൂക്ക്തല അദാലത്ത് ലോർഡ്സ് പബ്ലിക് സ്കൂളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഭൂരിപക്ഷം പരാതികളിലും നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി കഴിഞ്ഞു. അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത വിഷയങ്ങളിൽ നിശ്ചിത സംവിധാനം ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് മുൻഗണന റേഷൻ കാർഡ് വിഭാഗത്തിലേക്ക് മാറ്റിയ 75 റേഷൻ കാർഡുകൾ വിതരണം ചെയ്തു. 348 പരാതികളാണ്   ഓൺലൈനായി ലഭിച്ചത്. അദാലത്ത് വേദിയിലും പുതിയ പരാതികൾ സ്വീകരിക്കും.

ഉദ്ഘാടന പരിപാടിയിൽ സി ആർ മഹേഷ് എം.എൽ.എ അധ്യക്ഷനായി. എം.എൽ.എമാരായ ഡോ. സുജിത് വിജയൻപിള്ള, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ എസ് കല്ലേലിഭാഗം, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയർമാൻ പടിപ്പുര ലത്തീഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സന്തോഷ് തുപ്പാശേരിൽ, ഗീത കുമാരി, സബ് കലക്ടർ നിഷാന്ത് സിഹാര, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനിമോൾ നിസാം, ബിന്ദു വിജയകുമാർ, ഒ മിനിമോൾ, ബി ശ്രീദേവി, തങ്കച്ചി പ്രഭാകരൻ, എസ് സിന്ധു, വി സദാശിവൻ, കെ രാജീവൻ, ഐ ജയചിത്ര, അഡ്വ. സുരേഷ്കുമാർ, യു. ഉല്ലാസ്, എ. ഡി. എം. ജി. നിർമൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

date