ക്ലീൻ ഗ്രീൻ കലോത്സവം
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുന്ന വലിച്ചെറിയൽ ഏതാണ്ട് പൂർണമായും ഒഴിവായ ക്ലീൻ-ഗ്രീൻ കലോത്സവമായി മാറുകയാണ് തിരുവനനന്തപുരത്തെ 63-ാ മത് സ്കൂൾ കലോത്സവം.
35 ബോട്ടിൽ ബൂത്തുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള 300 ബിന്നുകൾ, പേപ്പർ വേസ്റ്റിനുള്ള 300 ചെറിയ ബിന്നുകൾ, സാനിറ്ററി വേസ്റ്റിനുള്ള 100 ബിന്നുകൾ, 26 ബോധവത്കരണ ബോർഡുകൾ എന്നിവ ഇതിനായി സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിലും പുത്തരിക്കണ്ടത്തും രണ്ട് സ്റ്റാളുകളും പ്രവർത്തിക്കുന്നു.
കോർപ്പറേഷനിലെ ഹരിത കർമ്മസേനാംഗങ്ങൾക്കു പുറമേ 55 എൻ.എസ്.എസ്. വോളണ്ടിയർമാരും ശുചിത്വം ഉറപ്പാക്കാൻ വിവിധ വേദികളിലുണ്ട്. ഇതുവരെയായി 17,200.6 കിലോ ജൈവ മാലിന്യവും 2812 കിലോ അജൈവ മാലിന്യവും 64.6 കിലോ മെഡിക്കൽ മാലിന്യവും ശേഖരിച്ചു.
ജലസംസ്കരണത്തിനും ശാസ്ത്രീയമാർഗ്ഗം
സ്കൂൾ കലോത്സവ ഭക്ഷണശാലയിൽ നിന്നുള്ള മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സജ്ജീകരണമൊരുക്കി നഗരസഭയും ശുചിത്വ മിഷനും.
സംസ്കരണത്തിന് ഉപയോഗിക്കുന്ന മൊബൈൽ യൂണിറ്റിന് 60000 ലിറ്റർ മലിനജലം ഒരു ദിവസം ശുദ്ധീകരിച്ച് പുറംതള്ളുന്നതിന് കഴിയും. ഭക്ഷണശാലയിൽ നിന്നും പുറത്തേക്ക് വരുന്ന മലിനജലം ഒരു ഓയിൽ/ഗ്രീസ് ട്രാപ്പിലൂടെ എണ്ണയും മെഴുക്കുമൊക്കെ വേർതിരിഞ്ഞ് മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റിന്റെ ഖര/ജല തരംതിരിക്കൽ യൂണിറ്റിലേയ്ക്ക് എത്തിക്കുന്നു. ഖരമാലിന്യങ്ങൾ ഇവിടെ വേർതിരിക്കപ്പെടും.
മലിനജലത്തെ സാൻഡ് ഫിൽറ്റർ, കാർബൺ ഫിൽറ്റർ, മൈക്രോ ഫിൽറ്റർ, അൾട്രാഫിൽറ്റർ എന്നിങ്ങനെ ഫിൽട്രേഷൻ പ്രക്രിയകളിലൂടെ കടത്തിവിട്ട് ക്ലോറിൻ ശുചീകരണവും കഴിഞ്ഞ് പുറത്തേക്ക് ഒഴുക്കും. ശുദ്ധീകരിച്ച ജലത്തിൽ ദോഷകരമായ അണുക്കളോ, ദുർഗന്ധമോ ഉണ്ടാവില്ല. ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയാണ് ജലസംസ്കരണത്തിന്റെ ചുമതല.
പി.എൻ.എക്സ്. 101/2025
- Log in to post comments