അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 21,40,376 വോട്ടര്‍മാര്‍
സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി ജില്ലയില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2025 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
ആകെ 21,40,376 വോട്ടര്‍മാരാണ് പട്ടികയില്‍ ഇടം പിടിച്ചത്. ഇതില്‍ 10,17,994 പേര് പുരുഷ•ാരും 11,22,362 പേര് സ്ത്രീകളും ആണ്. 18-19 വയസ്സുള്ള 18,710 വോട്ടര്‍മാരും ഭിന്നശേഷിക്കാരായ 20,297 പേരും 1,928 പ്രവാസി വോട്ടര്‍മാരും 9,360 സര്‍വീസ് വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. ഒക്ടോബര്‍ 29ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെ വോട്ടര്‍മാരുടെ എണ്ണം 21,41,063 ആയിരുന്നു.
കരുനാഗപ്പള്ളിയാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള നിയോജകമണ്ഡലം -2,15,176. കൊല്ലത്താണ് ഏറ്റവും കുറവ് -1,73,277. ചവറ (1,81,064), കുന്നത്തൂര്‍ (2,06,001), കൊട്ടാരക്കര (2,01,177), പത്തനാപുരം (1,85,574), പുനലൂര്‍ (2,06,514), ചടയമംഗലം (2,03,489), കുണ്ടറ (2,08,162), ഇരവിപുരം (1,74,931), ചാത്തന്നൂര്‍ (1,85,011) എന്നിങ്ങനെയാണ് മറ്റു നിയോജക മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍.
വോട്ടര്‍ പട്ടിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മരണപ്പെട്ടവരും (4712), താമസം മാറിയവരും (1869) ഉള്‍പ്പെടെ 7049 വോട്ടര്‍മാരെയാണ് പട്ടികയില്‍നിന്ന് ഒഴിവാക്കിയത്. 17 വയസ് പൂര്‍ത്തിയായ 289 പേര് മുന്‍കൂറായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിച്ചിട്ടുണ്ട്.
സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും (www.ceo.kerala.gov.in) ജില്ലാ കളക്ടറുടെ വെബ്സൈറ്റിലും അന്തിമ വോട്ടര്‍ പട്ടിക വിവരങ്ങള്‍ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകള്‍ക്കായി എല്ലാ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍മാരുടെ കാര്യാലയത്തിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവല്‍ ഓഫീസറുടെ കൈവശവും അന്തിമ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.
അന്തിമ വോട്ടര്‍പ്പട്ടിക ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി.കെ അനിരുദ്ധന്, പി.കെ ചന്ദ്രബാനു, എ ഫസലൂദ്ദീന്‍ ഹാജി, ലിയ എഞ്ചല്‍ എന്നിവര്‍ക്ക് കൈമാറി പ്രസിദ്ധീകരിച്ചു.
(പി.ആര്.കെ നമ്പര്‍ 60/2025)
- Log in to post comments