തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ തൊഴില്‍ ലഭ്യമാക്കുന്ന പ്രോജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് പ്രസിഡന്റ് ഡോ. പി. കെ ഗോപന്. ജില്ലാ പഞ്ചായത്തിന്റെ എന്‍ട്രി പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുകയായിരുന്നു അദ്ദേഹം. ബിരുദവും ഡേറ്റ എന്‍ട്രി പരിജ്ഞാനവും ഉള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതാ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ അപ്രന്റീസ് ഷിപ്പ് നിയമനം നല്‍കുന്നതാണ് പദ്ധതി. പ്രതിമാസം 10000 രൂപ സ്റ്റൈഫന്റായി ലഭ്യമാക്കും. 2024-25 വാര്‍ഷിക പദ്ധതിയില്‍ 50 ലക്ഷം രൂപ പ്രോജക്റ്റിനായി വകയിരുത്തിയിട്ടുണ്ട്. 40 പേര്‍ക്കാണ് പ്രോജക്റ്റിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. മാലാഖ കൂട്ടം, ടീം സിവില്‍ തുടങ്ങി വിഭിന്നങ്ങളായ പ്രോജക്ടുകളിലൂടെ ഈ സാമ്പത്തിക വര്‍ഷം നൂറോളം പേര്‍ക്ക് ഇതിനോടകം താല്‍ക്കാലിക നിയമനം നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് അഡ്വ. അനില്‍ എസ് കല്ലേലി ഭാഗം സ്വാഗതം പറഞ്ഞു. ജില്ലാ വനിത എം പവര്‍ മെന്റ് ഓഫീസര്‍ രമ്യ പദ്ധതി വിശദീകരണം നടത്തി. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി സയൂജ റ്റി. കെ, സൂപ്രണ്ട് മാരായ കബീര്‍ദാസ്, സുനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.കെ നമ്പര്‍ 41/2025)
- Log in to post comments