ജപ്തി ഉടനുണ്ടാവില്ല; ഹൃദ്രോഗിയായ വൃദ്ധന് താത്കാലികാശ്വാസം
പഴഞ്ഞി വില്ലേജ് പെരുന്തുരുത്തി ചീരൻ ചാക്കുണ്ണി മകൻ ജോർജ് എന്ന ഹൃദ് രോഗിയായ 79 കാരൻ താലൂക്ക് തല അദാലത്തിലെത്തിയത് ജപ്തി നേരിടുന്ന കിടപ്പാടത്തെ താത്കാലികമായെങ്കിലും രക്ഷിക്കണമെന്ന അപേക്ഷയോടെയാണ്.
ജോർജിൻ്റെ പേരിലുള്ള സ്ഥലം ഈടു നൽകി മകളുടെ ഭർത്താവ് കെ എസ് എഫ് ഇ യിൽ നിന്ന് ചിട്ടി പിടിച്ചിരുന്നു. എന്നാൽ കോവിഡ് സമയത്തുണ്ടായ ബിസിനസ് പരാജയം മൂലം മകളുടെ ഭർത്താവിന് യഥാസമയം ചിട്ടിത്തവണകൾ അടയ്ക്കാൻ സാധിച്ചില്ല. 17 ലക്ഷം രൂപയോളമാണ് ചിട്ടിയായും വായ്പയായും മകളുടെ ഭർത്താവ് കെ എസ് എഫ് ഇ യിൽ നിന്ന് കൈപ്പറ്റിയിരുന്നത്. ഇപ്പോൾ ഒമ്പതുലക്ഷം രൂപയോളം പലിശയും കൂടിയുള്ള തുക ഉടൻ തിരിച്ചടയ്ക്കണമെന്നും ഇല്ലെങ്കിൽ ഈടു നൽകിയ വസ്തു ജപ്തി ചെയ്യുമെന്നും നോട്ടീസ് കിട്ടിയിരിക്കുകയാണ്.
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുന്ന വൃദ്ധനാണ് ജോർജ്. മകൻ ഷാജി 2020 മുതൽ വൃക്കരോഗിയും അടിക്കടി ഡയാലിസിസിന് വിധേയനാവുന്ന വ്യക്തിയുമാണ്. കുടുംബ പ്രശ്നങ്ങൾ കാരണം ഷാജിയുടെ ഭാര്യയും മൂന്നു മക്കളും അകന്നു കഴിയുന്നു. ജോർജിൻ്റെ ഭാര്യയും പലവിധ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നയാളാണ്.
നിലവിലെ സാഹചര്യത്തിൽ ഇത്രയും ഭീമമായ തുക ഒരുമിച്ചടയ്ക്കാൻ ശേഷിയില്ലെന്നും ഭൂമി വിറ്റു കിട്ടുന്ന തുക കൊണ്ട് കടം വീട്ടിക്കൊള്ളമെന്നും അതുവരെ റവന്യു റിക്കവറി നടപടികളിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ജോർജിൻ്റെ അപേക്ഷ. അദാലത്തിൽ ജോർജും മകൻ ഷാജിയും നേരിട്ടെത്തി മന്ത്രിയോട് വിവരങ്ങൾ ധരിപ്പിച്ചു.
അനുഭാവപൂർവം ഈ അപേക്ഷ പരിഗണിക്കണമെന്നും റവന്യു റിക്കവറി കുടിശ്ശിക 40 തുല്യ പ്രതിമാസ ഗഡുക്കളായി ഒടുക്കുന്നതിനും ആദ്യ ഗഡു ഒടുക്കുന്നതിന് ഒരു വർഷത്തെ സാവകാശത്തിനും മന്ത്രി അനുവാദം നൽകി. ഈ ഫയൽ ഉടൻ തന്നെ ഉത്തരവിനായി സർക്കാരിലേക്ക് നൽകണമെന്ന് ജില്ലാ കളക്ടറോട് ശുപാർശ ചെയ്യുകയുമായിരുന്നു മന്ത്രി.
- Log in to post comments