Skip to main content

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വീണ ജോര്‍ജ് നിര്‍വ്വഹിച്ചു

ചാവക്കാട് താലൂക്ക് ആശുപത്രിയിലെ പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിട നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എച്ച്.എം.പി.വി വൈറസ് വിഷയത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എന്നാൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.

നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.8 കോടി രൂപ ചെലവഴിച്ചാണ് പുതിയ കാഷ്വാലിറ്റി കോംപ്ലക്‌സ് കെട്ടിടം നിര്‍മ്മിക്കുന്നത്. 42173 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തില്‍ 4 നിലകളോടുകൂടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം ഘട്ട നിര്‍മ്മാണത്തില്‍ ഗ്രൗണ്ട് ഫ്‌ളോറില്‍ കാഷ്വാലിറ്റി, എക്‌സറേ, ഫാര്‍മസി, മൈനര്‍ ഒ ടി, ലോബി തുടങ്ങിയവയും ഫസ്റ്റ് ഫ്‌ളോറില്‍ മെയിന്‍ വാര്‍ഡ്, ഫീമെയില്‍ വാര്‍ഡ്, പീഡിയാട്രിക് വാര്‍ഡ്, മെഡിക്കല്‍ ഐ.സി.യു എന്നിവയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 ചടങ്ങില്‍ എന്‍.കെ അക്ബര്‍ എം.എല്‍എ അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് മുഖ്യാതിഥിയായി. പിഡബ്ല്യുഡി ബില്‍ഡിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.കെ സന്തോഷ്‌കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വിജിത സന്തോഷ്, ജാസ്മിന്‍ ഷഹീര്‍, ടി.വി. സുരേന്ദ്രന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.കെ. മുബാറക്ക്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബുഷ്‌റ ലത്തീഫ്, കൗണ്‍സിലര്‍മാരായ എം.ആര്‍. രാധാകൃഷ്ണന്‍, എം.ബി പ്രമീള, ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.പി. ശ്രീദേവി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍  ഡോ. പി. സജീവ്കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.ടി. ശിവദാസന്‍, അഡ്വ. പി. മുഹമ്മദ് ബഷീര്‍, കെ.വി. യൂസഫലി, പി.കെ. സൈതാലിക്കുട്ടി, തോമസ് ചിറമ്മല്‍, ഫൈസല്‍ കാനാപുള്ളി, ഷാഹു, സി.കെ. കാദര്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ. ഷാജ്കുമാര്‍ നന്ദിയും പറഞ്ഞു.

date