കൊട്ടാരക്കര ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി ശിലാസ്ഥാപനം നാളെ (ജനുവരി 10)
കൊട്ടാരക്കര നഗരസഭയില്‍ നിര്‍മിക്കുന്ന പുതിയ ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നാളെ (ജനുവരി 10) വൈകിട്ട് നാലിന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കൊട്ടാരക്കര താമരശ്ശേരി ജങ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാവും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യാതിഥിയാകും. നാഷണല്‍ ആയുഷ് മിഷന് സംസ്ഥാന മിഷന് ഡയറക്ടര്‍ ഡോ. സജിത് ബാബു മുഖ്യ പ്രഭാഷണം നടത്തും.
സംസ്ഥാന ആയുഷ് വകുപ്പ് നാഷണല്‍ ആയുഷ് മിഷന്റെ ഇന്റഗ്രേറ്റഡ് സ്കീം പ്രകാരം ലഭ്യമാക്കിയ 10.5 കോടി രൂപ ചെലവിട്ടാണ് കൊട്ടാരക്കര ഗവ. ആയുര്‍വേദ ആശുപത്രിയെ 30 കിടക്കകളുള്ള ഇന്റഗ്രേറ്റഡ് ആയുഷ് ആശുപത്രിയാക്കി മാറ്റുന്നത്. 2012 ചതുരശ്ര മീറ്ററിലാണ് ആശുപത്രി സമുച്ചയം നിര്‍മിക്കുന്നത്. ആയുര്‍വേദ ചികിത്സയ്ക്ക് പുറമേ സിദ്ധ, യോഗ, യുനാനി, നാച്യുറോപ്പതി ചികിത്സാ സൗകര്യങ്ങളും ഇഷ്ടാനുസരണം തെരഞ്ഞെടുക്കത്തക്ക രൂപത്തിലാണ് ആയുഷ് ഇന്റഗ്രേറ്റഡ് ആശുപത്രിയായി ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുക.
പരിപാടിയില്‍ നഗരസഭാ ചെയര്മാന് എസ്.ആര് രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എ. അഭിലാഷ്, എസ് രഞ്ജിത്ത്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ് പ്രിയ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍ 95/2025)
- Log in to post comments