Skip to main content

വേലിയേറ്റ വെള്ളപ്പൊക്കം: ദുരിത ബാധിതർക്ക് നഷ്ടപരിഹാരം നൽകണം

എറണാകുളം ജില്ലയിലെ തീരദേശ ഗ്രാമങ്ങളിൽ വേലിയേറ്റ വെള്ളപ്പൊക്കം മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന  നാശനഷ്ടങ്ങൾക്ക് ധന സഹായം ലഭ്യമാക്കണമെന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൂടിയ തീരദേശ ഗ്രാമങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ യോഗം ആവശ്യപ്പെട്ടു. 

വേലിയേറ്റ വെള്ളപ്പൊക്കം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ  ഉൾപ്പെടുത്തി സമഗ്രമായ പഠനവും പദ്ധതിയും തയ്യാറാക്കണമെന്നും ആവശ്യപ്പെട്ടു.

കായലിലും തോടുകളിലും നീരൊഴുക്കിന് തടസ്സമായിട്ടുള്ള ചെളി നീക്കം ചെയ്യുന്നതിന് ത്രിതല പഞ്ചായത്തുകൾ സംയുക്തമായി ഓരോ ബ്ലോക്ക് പഞ്ചായത്തിലും 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലോട്ടിംഗ് ജെസിബി വാങ്ങുന്നതിനുള്ള പദ്ധതി ഏറ്റെടുക്കുന്നതിനും യോഗം തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ദുരന്തനിവാരണ സമിതിയുടെ കോ ചെയർമാനുമായ മനോജ് മൂത്തേടൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ്  എൽസി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ ജി ഡോണോ, എ എസ് അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം അധികരിച്ചിരിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്കം നേരിടുന്നതിന്  ജനകീയ പങ്കാളിത്തത്തോടുകൂടി  അതിജീവന സാധ്യതകളെ കുറിച്ചുള്ള  പഠനത്തിന്  നേതൃത്വം നൽകുന്ന ഇക്യുനോട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. സി ജി മധുസൂദനൻ, വേലിയേറ്റ വെള്ളപ്പൊക്കം നേരിടുന്ന പ്രദേശങ്ങളിൽ നടത്തിയ പഠന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിച്ചു. വേലിയേറ്റ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളുടെയും ഓരോ പ്രദേശത്തുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നഗര ബ്ലോക്ക് ഗ്രാമ അധ്യക്ഷന്മാർ ആവശ്യപ്പെട്ടു. പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ അവതരിപ്പിച്ചു. വേലിയേറ്റ വെള്ളപ്പൊക്കം ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ  ഉൾപ്പെടുത്തുവാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ  യോഗത്തിൽ പ്രമേയം കൊണ്ടുവരുമെന്നും, പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയും
പുതിയ വാർഷിക പദ്ധതിയിൽ വിവിധ പദ്ധതികൾ തയ്യാറാക്കുമെന്നും  അധ്യക്ഷന്മാർ അറിയിച്ചു. 

യോഗത്തിൽ ഉണ്ടായ നിർദ്ദേശങ്ങളുടെ 
അടിസ്ഥാനത്തിൽ വിദഗ്ധരുടെ സഹായത്തോടെ കർമ്മപരിപാടിക്ക് രൂപം നൽകുവാനും തീരദേശ മേഖലയിലെ മുഴുവൻ  എം പി, എം എൽ എ മാർ , ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സെക്രട്ടറിമാർ എഞ്ചിനീയർമാർ, ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥർ, തീരദേശ മേഖലയിലെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ പങ്കെടുപ്പിച്ചുക്കൊണ്ടുള്ള വിപുലമായ യോഗം സംഘടിപ്പിക്കുന്നതനും തീരുമാനിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ സഹകരണവും ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.

എറണാകുളം ജില്ലയിലെ 22 തീരദേശ  ഗ്രാമപഞ്ചായത്തുകളിലും, രണ്ട് നഗരസഭയിൽ ഉൾപ്പെട്ട പ്രദേശങ്ങളിലും വേലിയേറ്റ വെള്ളപ്പൊക്കം ബാധിക്കുന്നുണ്ട് . കഴിഞ്ഞ നാല് ദിവസമായി ഏറ്റവും ഉയർന്ന വേലിയേറ്റ വെള്ളപ്പൊക്കമാണ് ഉണ്ടായത്. നിരവധി വീടുകളിലും റോഡുകളിലും വെള്ളം കയറി മണിക്കൂറുകളോളം വെള്ളം കെട്ടിക്കിടന്നു. വാഹനങ്ങളും വീട്ടുപകരണങ്ങളും ഉപ്പ് വെള്ളത്തിൽ മുങ്ങി ഓരോരുത്തർക്കും ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ചെമ്മീൻ, മറ്റു മത്സ്യ വളർത്തൽ കേന്ദ്രങ്ങൾ വെള്ളം കവിഞ്ഞൊഴുകി  ലക്ഷങ്ങളുടെ നഷ്ടം ഓരോ മത്സ്യകർഷകനും നേരിടുകയാണ്. തീരദേശ ഗ്രാമങ്ങളിലെ ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവിതം ദുരിത പൂർണ്ണമായി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ആണ് ഈ പ്രശ്നങ്ങൾ കൂടുതൽ നേരിടുന്നത്.

വേലിയേറ്റ  വെള്ളപ്പൊക്കം ദുരന്തനിവാരണ നിയമത്തിൽ ഉൾപ്പെടാത്തതിനാൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നടത്തുവാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല. കാലാവസ്ഥാ വ്യതിയാനം തീരദേശ ഗ്രാമങ്ങളെയും ബാധിക്കുന്ന വലിയ വിപത്തായി മാറുന്ന സാഹചര്യത്തിൽ  ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുവാൻ ശ്രമിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കമ്മീഷണറും, മെമ്പർ സെക്രട്ടറിയും ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

date