Skip to main content
കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റിറോറിയത്തിൽ നടന്ന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ സൈഫുദ്ദീൻ പരാതികൾ കേൾക്കുന്നു

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ്: ആറ് പരാതികൾ തീർപ്പാക്കി

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ സൈഫുദ്ദീൻ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റിറോറിയത്തിൽ നടത്തിയ സിറ്റിങിൽ പരിഗണിച്ച പത്ത് പരാതികളിൽ ആറെണ്ണം തീർപ്പാക്കി. മറ്റ് പരാതികളിൻമേൽ തുടർനടപടി ഉടൻ സ്വീകരിക്കുമെന്ന് കമ്മീഷൻ പറഞ്ഞു. സിറ്റിങ്ങിൽ പുതിയ ഒരു പരാതിയും ലഭിച്ചു.
ആറളം വീർപ്പാട് സ്വദേശിയായ വയോധിക 2017 മുതൽ അപേക്ഷ നൽകിയിട്ടും പട്ടയം ലഭിച്ചില്ലെന്ന പരാതിയിൽ ഒരാഴ്ചക്കുള്ളിൽ സമഗ്ര റിപ്പോർട്ട് കമ്മീഷൻ ആസ്ഥാനത്ത് സമർപ്പിക്കാൻ ഇരിട്ടി തഹസിൽദാർക്ക് നിർദേശം നൽകി. വില്ലേജ് ഓഫീസർ സ്ഥലം പരിശോധിച്ച് വയോധികക്ക് പട്ടയം ലഭിക്കാനുള്ള യോഗ്യതയുണ്ടെന്ന് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ തഹസിൽദാർ കമ്മീഷൻ മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്നായിരുന്നു നടപടി.
കമ്മീഷന്റെ ഇടപെടലിൽ അംഗപരിമിതനായ പൊക്കുണ്ട് സ്വദേശിക്ക് കെ.എസ്.ആർ.ടി.സിയിൽ അഞ്ച് വർഷത്തെ സൗജന്യ യാത്രാ പാസ് അനുവദിച്ചു. പാസ് നൽകിയതിന്റെ രേഖകൾ അധികൃതർ കമ്മീഷന് സമർപ്പിച്ചു.
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇരിട്ടി കീഴൂർ സ്വദേശിയുടെ വീട് വെക്കാനുള്ള അപേക്ഷയിൽ ഒരു മാസത്തിനുള്ളിൽ ലോക്കൽ ലെവൽ മോണിറ്ററിംഗ് കമ്മിറ്റി (എൽ.എൽ.എം.സി) യോഗം വിളിച്ചുചേർത്ത് തീർപ്പ് കൽപ്പിക്കാൻ കൃഷി ഓഫീസർക്കും വീട് നിർമ്മിക്കാനുള്ള അനുമതി എത്രയും പെട്ടെന്ന് നൽകാൻ തില്ലങ്കേരി ഗ്രാമപഞ്ചായത്തിനും കമ്മീഷൻ നിർദേശം നൽകി.
കക്കാട് മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട് കൊറ്റാളി സ്വദേശി നൽകിയ പരാതി കമ്മീഷൻ തീർപ്പാക്കി. ഖബറടക്കുന്നതിൽ വിവേചനമുണ്ടെന്ന പരാതിയിൽ വഖഫ് ബോർഡ് സ്ഥലം പരിശോധിച്ചിരുന്നു. സ്ഥലപരിമിതി അല്ലാതെ വിവേചനമില്ലെന്ന് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷൻ പരാതി തീർപ്പാക്കിയത്.  
പൊതുപ്രവർത്തകർ വീടിനുമുന്നിൽ കൊടികൾ തൂക്കിയും മറ്റും സൈ്വര്യ ജീവിതം തകർക്കുന്നു എന്ന ചെണ്ടയാട് സ്വദേശിനിയുടെ പരാതിയിൽ, സൈ്വര്യജീവിതത്തിന് തടസ്സം വരാത്ത വിധം പരാതിക്കാരിക്ക് സംരക്ഷണം നൽകണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകി. അഞ്ചരക്കണ്ടി സ്വദേശി നൽകിയ കുടുംബ പ്രശ്നം സംബന്ധിച്ച പരാതി കുടുംബ കോടതിയെയോ മറ്റ് ഉചിതമായ ഫോറത്തെയൊ സമീപിച്ച് പരിഹരിക്കാൻ നിർദേശം നൽകി. മെഡിക്കൽ സർവീസ് കോർപറേഷൻ താൽക്കാലിക ജോലിയിൽ നിന്നും വ്യാജകാരണങ്ങൾ മുൻനിർത്തി പുറത്താക്കിയെന്ന മറ്റൊരു പരാതിയിൽ തൊഴിൽ തർക്ക പരിഹാര സംവിധാനത്തെയോ മറ്റു ഉചിതമായ ഫോറത്തെയോ സമീപിക്കാനും നിർദ്ദേശം നൽകി.

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ 9746515133 നമ്പറിൽ വാട്ട്‌സാപ്പിലൂടെ പരാതികൾ സ്വീകരിക്കാൻ തുടങ്ങിയത് ഫലപ്രദമായെന്ന് കമ്മീഷൻ പറഞ്ഞു. പദ്ധതി വഴി പരാതികൾ എത്രയും വേഗം സൗകര്യപ്രദമായി അയക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. സംസ്ഥാനത്ത് അകത്തും പുറത്തുമുള്ളവർക്ക് 24 മണിക്കൂറും പരാതികൾ അയയ്ക്കാം എന്നതിനാൽ തന്നെ അപേക്ഷകളുടെ എണ്ണം കൂടുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

 

date