*വളപട്ടണം പാലം-പഴയങ്ങാടി റോഡിലെ ഗതാഗത പരിഷ്‌കരണം; സ്ഥിരം സൂചനാ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിച്ചു തുടങ്ങി*
പരിഷ്കാരം വിജയകരമെന്ന് എൻജിനീയറിങ് വിഭാഗവും വിലയിരുത്തി
വളപട്ടണം പാലം-പഴയങ്ങാടി റോഡ് ജംഗ്ഷനിൽ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണം വിജയകരമാണെന്ന് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ കെ വി സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന വിവിധ വകുപ്പുകളുടെ എൻജിനീയറിങ് വിഭാഗം വിലയിരുത്തി. പരിഷ്കരണത്തിന്റെ ഭാഗമായി റോഡുകളിൽ സ്ഥിരമായ ഡിവൈഡറുകളും സൂചനാ ബോർഡുകളും റിഫ്ലക്ടറുകളും സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങി.
കെ എസ് ടി പി റോഡിൽ കടവത്ത് വയൽ ജംഗ്ഷൻ മുതൽ കെ സി സി പി എൽ പെട്രോൾ പമ്പ് മുൻവശം വരെയുള്ള ഭാഗം പഴയങ്ങാടിയിലേക്കുള്ള വാഹനങ്ങൾക്കായി ഇരുവശങ്ങളിലും വീതി കൂട്ടാൻ പിഡബ്ല്യുഡി റോഡ്സിനേയും കെ.എസ്. ടി.പി റോഡ്സിനെയും ചുമതലപ്പെടുത്തി.
കോട്ടൺസ് റോഡിൽ വലിയ ചരക്ക് വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനാൽ ഇത് ഒഴിവാക്കാൻ യോഗം തീരുമാനിച്ചു. വലിയ വാഹനങ്ങൾ ചരക്ക് ഇറക്കി പോവണം എന്ന് നിർദ്ദേശിക്കും.
റോഡരികിൽ കെ എസ് ഇ ബി ഇറക്കിയ ഇലക്ട്രിക് പോസ്റ്റുകൾ മാറ്റാനും യോഗത്തിൽ തീരുമാനമായി.
കെ വി സുമേഷ് എംഎൽഎ, പാപ്പിനിശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, എസ് ഐ പി. ഉണ്ണികൃഷ്ണൻ, എൻഎച്ച്എ ഐ സൈറ്റ് എൻജിനീയർ ഹർകേഷ്, എൻഎച്ച് ലൈസൻ ഓഫീസർ കെ വി അബ്ദുള്ള, പിഡബ്ല്യുഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാം കിഷോർ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് എൻജിനീയറിങ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ, വിശ്വ സമുദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments