Skip to main content

വിജ്ഞാന കേരളത്തിനൊപ്പം ചുവടുറപ്പിച്ച് ജില്ല വിജ്ഞാന കോട്ടയം

 തൊഴിലന്വേഷകരെ തൊഴിലവസരങ്ങളിലേക്ക് നയിക്കാനും അനുയോജ്യമായ തൊഴിലുകളുമായി ബന്ധപ്പെടുത്താനും നൈപുണി പരിശീലനം നൽകാനും ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും തൊഴിൽമേളകളിലൂടെ തൊഴിൽ നൽകാനുമായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നോളജ് എക്കണോമി മിഷന്റെ വിജ്ഞാന കേരളം ജനകീയ കാമ്പയിനിലേക്ക് ചുവടുറപ്പിച്ച് കോട്ടയം ജില്ലയും.​ വിജ്ഞാനകേരളം കാമ്പയിൻ ജില്ലയിൽ വിപുലമായി വിജയകരമായി നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ അഞ്ചു ലക്ഷം ബിരുദ അവസാനവർഷ വിദ്യാർഥികൾക്ക് തൊഴിലിനോടു ബന്ധപ്പെടുത്തി നൈപുണി പരിശീലനം നൽകുമെന്നും രജിസ്റ്റർ ചെയ്ത 10 ലക്ഷം ഉദ്യോഗാർഥികളിൽ നിന്ന് ഗണ്യമായൊരു വിഭാഗത്തിന് ചിട്ടയായ തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുമെന്നും വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡൈ്വസർ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിജ്ഞാനകേരളം ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരു വികസന ജനകീയ യജ്ഞമായി വിജ്ഞാന കേരളം മാറും. 50000 സന്നദ്ധപ്രവർത്തകർ, 20000-30000 പ്രൊഫഷണൽ മെന്റർമാർ, 15000 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം. വിജ്ഞാന കേരളം ജനകീയ കാമ്പയിനുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് തലത്തിലടക്കം യോഗങ്ങൾ ചേരും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി വിജ്ഞാന കേരളം മാറണമെന്നും അദ്ദേഹം പറഞ്ഞു.  
മാണി സി. കാപ്പൻ എം.എൽ.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്യ രാജൻ, എസ്. ബിജു, നഗരസഭാധ്യക്ഷരായ ലൗലി ജോർജ്, പ്രീതാ രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പകുമാരി, മഞ്ജു സുജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, അജയൻ കെ. മോനോൻ, അഡ്വ. കെ. അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, എം.എൽ.എ.മാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
 

date