ഇരട്ട സഹോദരങ്ങൾക്ക് ആശ്വാസമായി അദാലത്ത്
അനുമോൾക്കും അമലിനും അടിയന്തര ധനസഹായം നൽകും
കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി നിവാസികളും ഇരട്ട സഹോദരങ്ങളുമായ അനുമോൾ ഷാജിയും അമൽ ഷാജിയും ഭിന്നശേഷി വിഭാഗക്കാർക്കായുള്ള പെൻഷൻ മുടങ്ങിയ പരിഭവവുമായാണു കോതമംഗലം 'കരുതലും കൈത്താങ്ങും' അദാലത്തിൽ എത്തിയത്. വണ്ടാളം കുന്നേൽ ഷാജി സെബാസ്റ്റ്യൻ്റേയും സെലിൻ ഷാജിയുടേയും മക്കളായ 28 വയസുകാരായ അമലും അനുമോളും യഥാക്രമം 72, 85 ശതമാനം വീതം ശാരീരിക - മാനസിക വെല്ലുവിളി നേരിടുന്നവരാണ്. ഷാജി സെബാസ്റ്റ്യൻ കെ. എസ്. ആർ.ടി.സി. കണ്ടക്ടറാണ്. 2022 ജനുവരി മുതൽ ഈ വരുമാനത്തിന്റെ പേരിൽ ഇവരുടെ പെൻഷൻ മുടങ്ങി. മാസം തോറും ഇവരുടെ ചികിത്സയ്ക്കായി നല്ലൊരു തുക വേണം. പ്രായമായ അമ്മ ഉൾപ്പെടെ ആറംഗ കുടുംബത്തിൻ്റെ ഏക ആശ്രയം ഷാജിയുടെ വരുമാനമാണ്. ഒന്നരവർഷത്തിനുളളിൽ ഷാജി ജോലിയിൽ നിന്ന് വിരമിക്കുന്നതോടെ ഇവരുടെ ജീവിതം കൂടുതൽ ബുദ്ധിമുട്ടിലാകും. സ്വന്തമായി ശുചിമുറിയിൽ പോലും പോകാൻ സാധിക്കാത്ത അവസ്ഥയാണ് അനുമോളുടേത്. പെൻഷനും ഇല്ലാതായതോടെ ചികിത്സാ ചിലവും, മറ്റു ചിലവുകളും താങ്ങാനാവാത്ത സ്ഥിതിയാണ്. ഇവരുടെ ഇളയ സഹോദരിയായ അനഘയാണ് അദാലത്തിൽ പരാതി നൽകിയത്.
മന്ത്രി വീണാ ജോർജ് പരാതി പരിഗണിച്ച് അടിയന്തിരമായി ഇവർക്ക് ഭിന്നശേഷി സൗഹൃദ ശുചിമുറി ഈ സാമ്പത്തിക വർഷത്തിൽ തന്നെ നിർമിച്ചു നൽകാൻ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സാമൂഹ്യ നീതി വകുപ്പിൻ്റെ 'പരിരക്ഷ' പദ്ധതിയിൽ ഉൾപ്പെടുത്തി ധനസഹായം ലഭ്യമാക്കാൻ ജില്ലാ കളക്ടറെയും സാമൂഹ്യ നീതി ഓഫീസറെയും ചുമതലപ്പെടുത്തി. പെൻഷൻ മുടങ്ങിയ കാര്യം സർക്കാരിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും കുട്ടമ്പുഴ പഞ്ചായത്ത് സെക്രട്ടറിയോട് മന്ത്രി . നിർദ്ദേശിച്ചു.
നിർദ്ദേശിച്ച നടപടികൾ വിശദീകരിച്ചപ്പോൾ മന്ത്രിയുടെ കൈപിടിച്ച് അനുമോൾ സ്നേഹം പങ്കിട്ടു.
- Log in to post comments