Skip to main content

നീണ്ട നാളത്തെ കാത്തിരിപ്പിനു വിരാമം, ഹനീഫക്കു പട്ടയം കിട്ടി

 

കാത്തിരിപ്പിനൊടുവിൽ
സ്വന്തം മണ്ണിനു കിട്ടിയ പട്ടയം നിറഞ്ഞ മനസോടെയാണു 
ഹനീഫ നെഞ്ചോടു ചേർത്തത്.
ഓട്ടോറിക്ഷ തൊഴിലാളിയായ കടവൂർ പറമ്പിൽ വീട്ടിൽ ഹനീഫയ്ക്ക് വന ഭൂമി പതിവു ചട്ട പ്രകാരം പട്ടയം ലഭിച്ചപ്പോൾ വിരാമമായത് 30 വർഷത്തിലേറെയായുള്ള  കാത്തിരിപ്പിനു കൂടിയാണ്. 1992 ലാണ് കടവൂർ വില്ലേജിൽ സർവെ നമ്പർ 1111 / 1 നമ്പർ പ്രകാരം 80 സെൻ്റ് സ്ഥലവും  കെട്ടിടവും കൂടി ഹനീഫ വാങ്ങിയത്. ചേർത്തു വച്ച സമ്പാദ്യമെല്ലാം ഭൂമി വാങ്ങാനായി ചെലവഴിച്ചു . പിന്നീടാണു പട്ടയത്തിൻ്റെ പ്രശ്നങ്ങൾ വരുന്നത് . 2000 ത്തിൽ ചുറ്റുമുള്ള എല്ലാ വരുടെയും ഭൂമിക്കും പട്ടയം ലഭിച്ചെങ്കിലും പല വിധ സാങ്കേതിക പ്രശ്നങ്ങളാൽ ഹനിഫക്കു മാത്രം ഭൂമിയുടെ രേഖ  ലഭിച്ചില്ല. സ്വന്തമായി ഭൂമി ഉണ്ടായിട്ടും  മക്കളുടെ വിവാഹ ആവശ്യങ്ങൾക്കായി ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. പ്രതീക്ഷ കൈവിടാതെ ഹനീഫ ശ്രമം തുടർന്നു. പിന്നീടാണ് അദാലത്തിൽ പരിഗണനയ്ക്കു വച്ചത്. എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖ എന്നാണു സർക്കാർ പറഞ്ഞിട്ടുള്ളത്. 
ഞങ്ങളുടെ ആവശ്യത്തിനു നൂറു ശതമാനവും ന്യായമുള്ളതുകൊണ്ട് ഏത് സാങ്കേതിക പ്രശ്നവും പരിഹരിച്ചു സർക്കാർ പട്ടയം നൽകുമെന്ന് ഉറപ്പുണ്ടായിരുന്നു- ഹനീഫയും ഭാര്യ ജമീലയും പറഞ്ഞു. 

കീരംപാറ വില്ലേജിൽ കഴിഞ്ഞ  50 വർഷമായി ഭൂമി കൈവശം വെച്ച് താമസിച്ചു വരികയായിരുന്ന പുക്കാലിൽ വീട്ടിൽ പി പി കണ്ണനും മേരിക്കും, കുട്ടമ്പുഴ വില്ലേജിലെ കുറ്റ്യാചാലിലുള്ള പുത്തൻപുരക്കൽ വീട്ടിൽ പി ജെ ടെൻസിൽ, സബിത എന്നിവർക്കും
മന്ത്രി പി രാജീവും മന്ത്രി വീണാ ജോർജും ചേർന്ന് പട്ടയം നൽകി.

date