കരുതലും കൈത്താങ്ങും അദാലത്ത് മന്ത്രി റിയാസ് ഇടപെട്ടു: മഞ്ചേരിയിലെ അനധികൃത നിര്‍മാണം നിയന്ത്രിക്കും
മഞ്ചേരിയില്‍ ജില്ലാ കോടതിക്ക് സമീപം അനധികൃത നിര്‍മാണം മൂലം അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഏറനാട് താലൂക്കില്‍ നടന്ന 'കരുതലും കൈത്താങ്ങും' അദാലത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം. 50 വര്‍ഷമായി മഞ്ചേരിയിലുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഹോട്ടലും തയ്യല്‍ കടയും പ്രവര്‍ത്തിച്ചു വരുന്നു. 2021 ല്‍ ഈ കെട്ടിട പരിസരത്ത് ആരംഭിച്ച അനധികൃത നിര്‍മാണ പ്രവൃത്തികള്‍ മൂലം അപകടവസ്ഥയിലാണ് കെട്ടിടം. കെട്ടിടത്തില്‍ നിന്നും ഒന്നര മീറ്റര്‍ അകലം പോലും പാലിക്കാതെ 15 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്തതിനാല്‍ മതിലും മുകളിലേക്കുള്ള ഗോവണിയും ഇടിഞ്ഞു വീണു. അപ്പോള്‍ തന്നെ മുന്‍സിപ്പാലിറ്റിയെ സമീപിച്ചെങ്കിലും നീതി ലഭിച്ചില്ലെന്നാണ് പരാതി. ഇതാണ് അദാലത്തില്‍ പരിഗണനയ്ക്ക് വന്നത്.
പൈതൃകമായി കിട്ടിയ കെട്ടിടം ഹോട്ടലിനും തയ്യല്‍ കടയ്ക്കുമായി വാടകക്ക് നല്‍കിയിരുന്നു. ദിവസേന ആളുകള്‍ വന്നിരുന്ന ഹോട്ടല്‍ ഇടിഞ്ഞു വീഴുമോ എന്ന ഭയം കാരണം ആരും വരാതായി. ഇതോടെ വാടകക്ക് എടുത്തവരുടെ വരുമാനവും നിലച്ചു. കെട്ടിടത്തിനോട് ചേര്‍ന്ന്, നിയമപ്രകാരമുള്ള അകലം പാലിക്കാതെ നിര്‍മിച്ച മതില് പൊളിച്ചു നീക്കുക, സംരക്ഷണ മതില് പണിതുകൊടുക്കുക, തകര്‍ന്ന ഗോവണി പുതുക്കി പണിയുക എന്നീ ആവശ്യങ്ങളുമായി വന്ന ഉടമയുടെ പരാതി അനുഭാവപൂര്‍വ്വം പരിഗണിച്ച മന്ത്രി ഉടന്‍ നടപടികള്‍ സ്വീകരിച്ച്, കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കാന്‍ നഗരസഭയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
- Log in to post comments