Skip to main content

ഷാഹിദിനും റസിയയ്ക്കും കുടയുണ്ടാക്കാന്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി

കാരക്കുന്ന് വലിയപീടികയ്ക്കല്‍ മുഹമ്മദ് ഷാഹിദിനും ഭാര്യ റസിയയ്ക്കും സ്വയം തൊഴില്‍ കണ്ടെത്താന്‍ സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങുമുണ്ടാവും. അടുത്ത മഴക്കാലമാകുമ്പോഴേക്കും റസിയയ്ക്കും ഷാഹിദിനും സ്വന്തമായി കുട നിര്‍മിച്ച് വില്പന നടത്താം. ഭിന്നശേഷിക്കാരായ ദമ്പതികളുടെ പരാതി കേട്ട മന്ത്രി വി. അബ്ദുറഹിമാന്‍ ഉചിതമായ ഒരു ധനസഹായ പദ്ധതി കണ്ടെത്താന്‍ ജില്ലാവ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
 മുഹമ്മദ് ഷാഹിദിന് കാഴ്ചയ്ക്ക് പരിമിതിയുണ്ട്. റസിയയ്ക്കാണെങ്കില്‍ വീല്‍ചെയറിന്റെ സഹായം വേണം. സ്വന്തമായി കുടയുണ്ടാക്കി വില്‍ക്കുന്നുണ്ട് റസിയ. പക്ഷേ പരിമിതികളുണ്ട്. സര്‍ക്കാര്‍ സഹായമില്ലാതെ മുന്നോട്ടുപോകാനാവില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ മഞ്ചേരിയില്‍ നടന്ന ഏറനാട് താലൂക്ക് അദാലത്തിലെത്തിയത്. തൊഴില്‍ ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്ന, സ്വന്തമായി തൊഴില്‍ ചെയ്യാനറിയുന്ന ഇവര്‍ക്ക് പലിശരഹിത വായ്പയും സബ്‌സിഡിയുമായി ധനസഹായം നല്‍കാനായിരുന്നു മന്ത്രിയുടെ നിര്‍ദേശം. ദമ്പതികള്‍ക്ക് തൊഴില്‍ ചെയ്ത് ജീവിക്കാനുള്ള എല്ലാ സഹായവും നല്‍കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.
 

date