ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ
ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ജനുവരി 14, 15 തീയതികളിൽ കൊച്ചിയിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോൺക്ലേവിന് മുന്നോടിയായി ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിൽ 'സ്റ്റഡി ഇൻ കേരള' എന്ന വിഷയത്തിൽ ഒരു പ്രീ-കോൺക്ലേവ് ശില്പശാലയും സംഘടിപ്പിച്ചിട്ടുണ്ടെന്നും കൊച്ചിയിൽ നടത്തിയ വർത്ത സമ്മേളനത്തിൽ മന്ത്രി അറിയിച്ചു.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ്, കേരള സ്റ്റേറ്റ് ഹയർ എഡ്യുക്കേഷൻ കൗൺസിലുമായി ചേർന്ന്, ജനുവരി 14, 15 തീയതികളിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ (CUSAT) ആണ് ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ജനുവരി 14ന് രാവിലെ 10.30ന് ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ബോസ്റ്റൺ കോളേജ് പ്രൊഫസർ ഫിലിപ്പ് ജി. അൽബാഷ് മുഖ്യപ്രഭാഷണം നടത്തും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, തുടങ്ങി ഭരണ രംഗത്തെയും അക്കാദമിക് രംഗത്തെയും പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
ഗവേഷണമികവ് വളർത്തൽ, അന്താരാഷ്ട്ര വിദ്യാർത്ഥികളെ ആകർഷിക്കാൻ നവീനമാർഗ്ഗങ്ങൾ ആവിഷ്‌കരിക്കൽ, ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിന് സംസ്ഥാനതലത്തിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ കോൺക്ലേവ് വിശദമായി ചർച്ചചെയ്യും.
വ്യവസായ-വിദ്യാഭ്യാസ സൗഹൃദബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് ഈ രംഗത്തെ വിദഗ്ധർ പങ്കെടുക്കുന്ന പാനൽ ചർച്ചകൾ, മികച്ച ഗവേഷണവിദ്യകളും സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തി തൊഴിൽസാധ്യതകൾ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും വിപുലമായ പര്യവേഷണങ്ങൾ കോൺക്ലേവിൽ നടക്കും. പ്ലീനറി സെഷനുകൾ, പ്രത്യേക പ്രഭാഷണങ്ങൾ എന്നിവയും കോൺക്ലേവിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.
ഡോ. ശ്രീറാം രാമകൃഷ്ണ (നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂർ), ഡോ. സാബു പദ്മദാസ് (സൗത്താംപ്ടൺ സർവ്വകലാശാല), ഡോ. സക്കറിയ മാത്യു (മിഷിഗൺ സർവ്വകലാശാല), ഡോ. മഹ്‌മൂദ് കൂരിയ (എഡിൻബറ യൂണിവേഴ്‌സിറ്റി), പ്രൊഫ. ഡോൺ പാസി (ലാൻകാസ്റ്റർ സർവ്വകലാശാല), സ്റ്റീഫൻ വിൻസെന്റ്-ലാൻക്രിൻ (ഒഇസിഡി പാരീസ്), പ്രൊഫ. ഫിലിപ്പ് അൽബാഷ് (ബോസ്റ്റൺ കോളേജ്), ഡോ. നീന ആർനോൾഡ് (ഗ്ലോബൽ ലീഡ് ടേർഷ്യറി എജുക്കേഷൻ, വേൾഡ് ബാങ്ക്), പ്രൊഫ. മോഹൻ ബി മേനോൻ (മുൻ ഡെപ്യൂട്ടി വൈസ് ചാൻസലർ, വവസാൻ ഓപ്പൺ യൂണിവേഴ്‌സിറ്റി, മലേഷ്യ), പ്രൊഫ. ടി പ്രദീപ് (ഐഐടി മദ്രാസ്), പ്രൊഫ. എൻ വി വർഗ്ഗീസ് (ഐഐടി മുംബൈ), ശ്രീ. ബാലഗോപാൽ ചന്ദ്രശേഖർ (ചെയർമാൻ, കെഎസ്‌ഐഡിസി) തുടങ്ങി നിരവധി വിദഗ്ധർ രണ്ടു ദിവസമായി നടക്കുന്ന കോൺക്ലേവിൽ സംബന്ധിക്കും. ഡോ. സഞ്ജയ് ബിഹാരി (ഡയറക്ടർ, ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി) പ്രത്യേക പ്രഭാഷണം നിർവ്വഹിക്കും.മറ്റ് വിദ്യാഭ്യാസ വിചക്ഷണർ, അധ്യാപകർ, വിദ്യാർത്ഥികൾ, ഗവേഷകർ, വ്യവസായ പ്രതിനിധികൾ, അന്താരാഷ്ട്ര പ്രതിനിധികൾ എന്നിവരും കോൺക്ലേവിൽ പങ്കാളികളാകും.
*'സ്റ്റഡി ഇൻ കേരള' പ്രീ കോൺക്ലേവ് ജനുവരി 13ന്*
കോൺക്ലേവിന് മുന്നോടിയായി നടത്തുന്ന 'സ്റ്റഡി ഇൻ കേരള' പ്രീ-കോൺക്ലേവ് ശില്പശാല
ജനുവരി 13ന് രാവിലെ 10 മുതൽ രാജഗിരി കോളേജിലാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രീ-കോൺക്ലേവ് ശില്പശാല ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മിഷിഗൺ സർവ്വകലാശാലയിലെ ഡോ. സക്കറിയ മാത്യു ശില്പശാല നയിക്കും. രണ്ടാം ദിവസം ഇൻഡസ്ട്രി - അക്കാദമി സഹകരണം സംബന്ധിച്ച് നടക്കുന്ന സെഷനിൽ വ്യവസായരംഗത്തു നിന്നുള്ള വിദഗ്ധർ പങ്കെടുക്കും.
കോൺക്ലേവിനോടനുബന്ധിച്ച് 13ന് രാവിലെ 11 മുതൽ കൊച്ചിൻ സർവ്വകലാശാലയിൽ ഉന്നതവിദ്യാഭ്യാസ പ്രദർശനവും അരങ്ങേറും. സംസ്ഥാനത്തെ സർവ്വകലാശാലകളും മികച്ച മറ്റു സ്ഥാപനങ്ങളും പങ്കെടുക്കുന്ന ഉന്നതവിദ്യാഭ്യാസ പ്രദർശനം കാണാൻ പൊതുജനങ്ങൾക്കും അവസരമൊരുക്കിയിട്ടുണ്ട്. മൂന്നു ദിവസങ്ങളിലായി നടക്കുന്ന കോൺക്ലേവിന്റെ വിവിധ പരിപാടികളിൽ രാജ്യത്തിനകത്തും പുറത്തും നിന്നുമായി രണ്ടായിരത്തോളം പ്രതിനിധികളാണ് പങ്കെടുക്കുക.
കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. രാജൻ വർഗീസ്, കുസാറ്റ് വൈസ് ചാൻസിലർ ഡോ എം. ജുനൈദ് ബുഷ്റി, രജിസ്ട്രാർ ഡോ എ. യു അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
- Log in to post comments