വിജ്ഞാന ആലപ്പുഴ പദ്ധതി: തൊഴില്‍ദായക സംഗമം സംഘടിപ്പിച്ചു
ജില്ലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരും ജില്ലാപഞ്ചായത്തും കേരള നോളജ് ഇക്കോണമി മിഷനും കെ-ഡിസ്കും സംയുക്തമായി നടപ്പാക്കുന്ന വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തൊഴില്‍ദായകരുടെ സംഗമം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഗമം ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സംഗമത്തില്‍ ജില്ലയിലെ നാല്പതോളം പ്രമുഖ തൊഴില്ദായകര് പങ്കെടുത്തു.
വിജ്ഞാനകേരളം പദ്ധതി ലോകത്തിന് തന്നെ മാതൃകയാകാന്‍ പോകുന്ന പദ്ധതിയാണെന്നും ജില്ലയിലെ വിദ്യാസമ്പന്നരായ തൊഴില്‍ അന്വേഷകര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുകയെന്നതാണ് വിജ്ഞാന ആലപ്പുഴ പദ്ധതിയുടെ ലക്ഷ്യമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇതുവഴി തൊഴിലന്വേഷകരെയും തൊഴില്‍ദായകരെയും ബന്ധപ്പെടുത്തി
അഭ്യസ്തവിദ്യര്‍ക്കിടയിലെ തൊഴിലില്ലായ്മ കുറക്കാനാവും. ആലപ്പുഴ ജില്ലയെ ടൂറിസം ഗേറ്റ് വേയായി വികസിപ്പിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് 100 കോടി രൂപയുടെ പദ്ധതിയടക്കം തയ്യാറായി വരുകയാണെന്നും അദ്ദേഹം സംഗമത്തിലെത്തിയ സംരംഭകരോട് പറഞ്ഞു.
ആദിത്യ ബിര്‍ള കാപ്പിറ്റല്‍, എസ്ബിഐ ലൈഫ്, എല്‍ഐസി, പിഎന്‍ബി മെറ്റ് ലൈഫ്, ജോണ്‍സ് ഹോണ്ട, ഇവിഎം മോട്ടോര്‍സ്, ഗോള്‍ഡന്‍ ബേ റിന്യൂവബിള്‍ എനര്‍ജി, ശ്യാമാസ് ഹോണ്ട തുടങ്ങിയവയടക്കം ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങളും സംരംഭകരും സംഗമത്തില്‍ പങ്കെടുത്തു.
സര്‍ക്കാര്‍ സംവിധാനങ്ങളുടെയും സ്വകാര്യ തൊഴില്‍ദായകരുടെയും കൂട്ടായ പ്രയത്നത്തിലൂടെ വിജ്ഞാന ആലപ്പുഴ പദ്ധതി വിജയിപ്പിക്കാനും അങ്ങിനെ ജില്ലയുടെ സുസ്ഥിര വികസനത്തെ മുന്നോട്ട് നയിക്കാനും കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബിനു ഐസക് രാജു പറഞ്ഞു. കെ ഡിസ്ക് ഫാക്കല്‍റ്റി പ്രിന്‍സ് എബ്രഹാം പദ്ധതി വിശദീകരിച്ചു. വ്യവസായരംഗത്ത് ആവശ്യമുള്ള ഡൊമൈന്‍ സ്കില്‍ നല്കി ഉയര്‍ന്ന മൂല്യമുള്ള മനുഷ്യവിഭവമാക്കി ജില്ലയിലെ തൊഴില്‍ അന്വേഷകരെ മാറ്റാനാണ് ശ്രമമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രി സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ആദര്‍ശ് മോഹനന് ഡി ഡബ്ല്യു എം എസ് പ്ലാറ്റ്ഫോമിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു. ഡിഡബ്ലുഎംഎസ് പ്ലാറ്റ് ഫോമില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ദായകര്‍ക്ക് തികച്ചും സൗജന്യമായാണ് റിക്രൂട്ട്മെന്റ് സേവനങ്ങള്‍ ലഭിക്കുക. ഓരോ തൊഴില്‍ദായകന്റെയും ആവശ്യങ്ങള്‍ക്ക് അനുസരിച്ച് സവിശേഷപരിശീലനം നല്കിയ തൊഴില്‍ സേനയെ നല്‍കാനാവും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. വിജ്ഞാന ആലപ്പുഴ ജില്ലാ മിഷന് കോ ഓര്‍ഡിനേറ്റര്‍ സി കെ ഷിബു, കെ കെ ഇ എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡാനി വര്‍ഗീസ്് എന്നിവര്‍ പങ്കെടുത്തു.
(പി.ആര്/എ.എല്‍.പി/109)
- Log in to post comments