Skip to main content

മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയം: വനിതാ കമ്മിഷന്‍ 

 

 

മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി. ആലപ്പുഴ ഗസ്റ്റ് ഹൗസില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തില്‍ പങ്കെടുത്തതിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍. 

ജില്ലയില്‍ വനിതാ കമ്മിഷന് മുമ്പില്‍ എത്തുന്ന പരാതികളുടെ എണ്ണം വര്‍ദ്ധിക്കുന്നതായും കമ്മിഷനില്‍ നിന്നും പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്നുള്ള ജനങ്ങളുടെ വിശ്വാസവും കമ്മിഷന്റെ സ്ത്രീ സൗഹൃദ അന്തരീക്ഷവുമാണ് ഇതിന്റെ പ്രധാന കാരണമെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.  

മുതിര്‍ന്നവരുടെ ഒറ്റപ്പെടല്‍, വഴിത്തര്‍ക്കങ്ങള്‍, കുടുംബ പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളായിരുന്നു വെള്ളിയാഴ്ച പരിഗണിച്ചവയിലേറെയും. ആകെ പരിഗണിച്ച 65 പരാതികളില്‍ 14 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ പൊലീസിന്റെയും ജാഗ്രതാസമിതിയുടെയും റിപ്പോര്‍ട്ടിനായി കൈമാറി.40 പരാതികള്‍ അടുത്ത സിറ്റിങ്ങില്‍ പരിഗണിക്കും. 

അഡ്വ. ജിനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗണ്‍സിലര്‍ അഞ്ജന എം നായര്‍, വനിത സിപിഒ ടി എ അഞ്ജന എന്നിവര്‍ പങ്കെടുത്തു.

(പി.ആര്‍/എ.എല്‍.പി/114)

date