Skip to main content

വിദ്യാഭ്യാസ കോൺക്ലേവ്: റീൽസ് മത്സര വിജയികളെ പ്രഖ്യാപിച്ചു* 

കൊച്ചിയിൽ ആരംഭിക്കുന്ന അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വീഡിയോ/ റീൽസ് മത്സര വിജയികളെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. ജേതാക്കൾക്കുള്ള 10000 രൂപ വീതമുള്ള ക്യാഷ വാർഡും പ്രശസ്തിപത്രവും കോൺക്ലേവിൻ്റെ സമാപനച്ചടങ്ങിൽ സമ്മാനിക്കുo.

 

നാലു വ്യക്തിഗത എൻട്രികളും ഒരു ഗ്രൂപ്പ് എൻട്രിയുമാണ് സമ്മാനാർഹമായത്. വി നിരഞ്ജൻ (യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് സ്റ്റഡീസ്), പി എച്ച് നിഷമോൾ (ഗവ. പോളിടെക്നിക് കോളേജ്, വെസ്റ്റ് ഹിൽ, കോഴിക്കോട്), എസ് മുഹമ്മദ് ഷാസിൻ (എപിജെ അബ്ദുൾകലാം സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ ഡിസൈൻ), കെ. മാധവ് (രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്, കളമശ്ശേരി) എന്നിവരും എസ് അഭിജിത്ത്, അജ്മൽ മുസ്തഫ, വി മിഥുൻ പ്രസാദ്, നിമൽ ബാബു, തരുൺ ജോർജ് ഫിലിപ്പ് എന്നിവരുൾപ്പെട്ട ആലുവ യു സി കോളേജ് ടീമുമാണ് സമ്മാനാർഹരായ തെന്ന് ഡോ. ബിന്ദു അറിയിച്ചു. 

 

സംസ്ഥാനത്തെ ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ (സർക്കാർ, സ്വകാര്യ, സ്വാശ്രയ കോളേജുകൾ ഉൾപ്പെടെ), ഐ എച്ച് ആർ ഡി, എൽ ബി എസ് എന്നിവയുടെ കീഴിലുള്ള കോളേജുകൾ, ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സർവ്വകലാശാലാ കാമ്പസുകൾ എന്നിവയിലെ ബിരുദതലം മുതൽ ഗവേഷണതലം വരെയുള്ള വിദ്യാർത്ഥികളും ജീവനക്കാരും ഒറ്റയ്ക്കും കൂട്ടായും പങ്കെടുത്ത മത്സരത്തിൽ നിന്നാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 

 

കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടർ പി ആർ ജിജോയ്, ഇൻസ്റ്റിറ്റ്യൂട്ടിലെ എഡിറ്റിംഗ് വിഭാഗം അസോ. പ്രൊഫസർ കെ ജി രഞ്ജിത് കുമാർ എന്നിവരായിരുന്നു ജൂറി.

 

തിരഞ്ഞെടുത്ത വീഡിയോകൾ കോൺക്ലേവിന്റെ ഭാഗമായി പ്രദർശിപ്പിക്കും - മന്ത്രി ഡോ. ബിന്ദു പറഞ്ഞു.  

 

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ അവരവരുടെ കോളേജിലുണ്ടായ അടിസ്ഥാന സൗകര്യ വികസനങ്ങൾ, പഠന-പഠനയിതര രംഗത്തുള്ള മികച്ച മാതൃകകൾ, കോളേജിലെ മികച്ച പ്രവർത്തനങ്ങൾ എന്നിവ കലാപരമായി ഉൾച്ചേർന്ന റീൽസ്/വീഡിയോകളാണ് മത്സരത്തിന് ക്ഷണിച്ചിരുന്നത്.

date