ട്രാൻസ്ജെൻഡർ കലാകാരന്മാർക്ക് വരുമാനമാർഗം ഉണ്ടാക്കുന്ന പദ്ധതി രൂപീകരിക്കും: മന്ത്രി ആർ. ബിന്ദു
'അനന്യം' ഒരുങ്ങുന്നു; ട്രാന്‍സ്ജെന്‍ഡർ കലാസംഘത്തിന്റെ പരിശീലന ക്യാമ്പ് തുടങ്ങി
കലാകാരന്മാരും കലാകാരികളുമായ ട്രാൻസ് ജ ൻഡേഴ്സിന് വരുമാന മാർഗം ഉണ്ടാക്കുമെന്ന പ്രഖ്യാപനത്തിലേക്കുള്ള ആദ്യത്തെ ചവിട്ടുപടിയാണ് അനന്യം പരിശീലന ക്യാമ്പ് എന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ 'അനന്യം' എന്ന പേരിൽ സാമൂഹ്യനീതി വകുപ്പിനു കീഴിൽ ആരംഭിച്ച കലാസംഘത്തിന്റെ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വട്ടിയൂര്‍ക്കാവ് ഗുരു ഗോപിനാഥ് നടനഗ്രാമത്തിലാണ് 20 ദിവസത്തെ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
വർണ്ണപ്പകിട്ട് വേദിയിൽ എല്ലാ കലാകാരന്മാരും മികച്ച പ്രകടനമാണ് കഴിഞ്ഞ വർഷങ്ങളിൽ നടത്തിയത്. ഈ മേഖലയിൽ സാധ്യമായ എല്ലാ പിന്തുണയും ട്രാൻസ്ജൻഡർ കലാകാന്മാർക്ക് നൽകി അവരുടെ സാമൂഹ്യ പുനരധിവാസത്തിനും ശാക്തീകരണത്തിനും സഹായമാകുന്ന പദ്ധതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭാ സമ്മേളനകാലത്തുതന്നെ കലാസംഘത്തിന്റെ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നത്. നിയമസഭാ സാമാജികർക്ക് മുന്നിൽ പ്രകടനം നടത്തുവാനുള്ള വലിയ അവസരമാണ് ട്രാൻസ്ജെൻഡർ കലാകാരന്മാർക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ട്രാന്‍സ്ജെന്‍ഡര്‍ കലാകാരന്മാരുടെ രണ്ടു മണിക്കൂർ ദൈർഘ്യമുള്ള കലാവിരുന്നുകൾ സര്‍ക്കാര്‍/പ്രാദേശിക സര്‍ക്കാര്‍ പരിപാടികളില്‍ അവതരിപ്പിക്കാൻ അവസരം ഒരുക്കലാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. നൃത്തം, സംഗീതം, അഭിനയം, ഉപകരണ സംഗീതം, നാടോടി കലകള്‍, ആദിവാസി നൃത്തരൂപങ്ങള്‍ എന്നിവയില്‍ പ്രാവീണ്യവും വൈദഗ്ധ്യവുമുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെയാണ് പരിശീലനത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിനായി വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് ഓഡിഷനുകള്‍ നടത്തിയാണ് അനുയോജ്യരായ 30 വ്യക്തികളെ കണ്ടെത്തിയത്. ഇവർക്കായാണ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ കലാപരമായ അഭിരുചി, സര്‍ഗ്ഗാത്മക പ്രായോഗിക ശേഷി എന്നിവ വിലയിരുത്തി അവര്‍ക്ക് ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കാനാണ് സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ കലാസംഘം രൂപീകരിച്ചിരിക്കുന്നത്.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ പ്രിയങ്ക.ജി, ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസര്‍ ശ്യാമ എസ്.പ്രഭ, ഗുരുഗോപിനാഥ് നടനഗ്രാമം സെക്രട്ടറി ശബ്ദ ശശിധരന്, സംസ്ഥാന/ജില്ലാ ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്/കമ്മിറ്റി അംഗങ്ങള്‍, സിബിഒ പ്രതിനിധികള്‍, മറ്റ് സംഘടനാ പ്രതിനിധികള്‍ എന്നിവർ പങ്കെടുത്തു.
- Log in to post comments