പൊന്മുടി ഇനി ഹരിത ടൂറിസം കേന്ദ്രം: ശുചീകരണ പ്രവർത്തനങ്ങളുമായി ഹരിത കേരളം മിഷൻ
##കല്ലാര്‍ മുതല്‍ പൊന്മുടി വരെ ഹരിത ഇടനാഴിയാക്കും
സഞ്ചാരികളുടെ പറുദീസയായ പൊന്മുടി ഹരിത ടൂറിസം കേന്ദ്രമാകുന്നു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദമല്ലാത്ത മാലിന്യങ്ങള്‍ക്ക് കൃത്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി, അവ ശേഖരിച്ച് സംസ്ക്കരിച്ചാണ് ഹരിത ടൂറിസം കേന്ദ്രമാക്കി പൊന്മുടിയെ മാറ്റുന്നത്. കല്ലാര്‍ മുതല്‍ പൊന്മുടി വരെയുള്ള പാത ഹരിത ഇടനാഴിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജനുവരിയില്‍ തന്നെ ഇതു സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ നടത്താനാണ് ലക്ഷ്യം. ‘മൈ പൊന്മുടി ക്ലീന്‍ പൊന്മുടി’ ക്യാമ്പയിനും തുടക്കമായി.
മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊന്മുടി ടൂറിസം കേന്ദ്രത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൊന്മുടി അപ്പർ സാനിട്ടോറിയം മുതൽ ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസ്, സൂചിപ്പാറ, പൊന്മുടി എസ്റ്റേറ്റ് റോഡ് എന്നിവിടങ്ങളിലായി എട്ട് ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം നടത്തിയത്. വനം, ടൂറിസം, പോലീസ് വകുപ്പുകള്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കെടിഡിസി തുടങ്ങിയ ഏജന്‍സികളും കച്ചവടക്കാരും പൊതുജനങ്ങളും പൊന്മുടിയുടെ പ്രകൃതി സൗഹൃദമാക്കാൻ കൈകോർക്കും.
സന്നദ്ധ സംഘടനയായ യങ് ഇന്ത്യന്‍സ്, വിളപ്പിൽശാല സരസ്വതി കോളേജ്, വനസംരക്ഷണ സമിതി അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതുപ്രവര്‍ത്തകർ, ഹരിതകേരളം ആര്‍പിമാര്‍ തുടങ്ങി നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ശുചീകരണപ്രവർത്തനത്തിലൂടെ ശേഖരിച്ച 112 ചാക്ക് അജൈവ വസ്തുക്കൾ തരം തിരിച്ച് പഞ്ചായത്ത് ഹരിതകര്‍മ്മ സേനയ്ക് കൈമാറി.
- Log in to post comments