Skip to main content
.

കട്ടമുടിക്കുടിയില്‍ വേനല്‍ക്കാല പച്ചക്കറികൃഷിക്ക് തുടക്കമായി

 

വിളവെടുപ്പ് പൂര്‍ത്തിയായ കുഞ്ചിപ്പെട്ടി കട്ടമുടിക്കുടി പാടശേഖരത്തില്‍ വിപുലമായ വേനല്‍ക്കാല പച്ചക്കറി കൃഷിക്ക് തുടക്കമായി. നെല്‍പ്പാടങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. വിഷുവിപണി മുന്നില്‍ കണ്ടുകൊണ്ട് കട്ടമുടിക്കുടി പാടശേഖരസമിതിയും പൊന്‍കതിര്‍ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുന്നത്. ഹരിതകേരള മിഷന്റെ നേതൃത്വത്തില്‍ അടിമാലി കൃഷി ഭവന്റെയും ശാന്തന്‍പാറ കൃഷി വിജ്ഞാന്‍ കേന്ദ്രയുടെയും സഹകരണത്തോടെ പച്ചക്കറിവിത്തുകളും തൈകളും വിതരണം ചെയ്തു. കൃഷിഭവന്റെ കാര്‍ഷിക കര്‍മ്മ സേനയുടെ ചെറുകിട യന്ത്രങ്ങളും പാടശേഖരത്തില്‍ എത്തിച്ചു പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. 

പാടശേഖരം ചെറുകിട യന്ത്രവല്‍കൃതമാക്കുന്നതിന്റെ ഭാഗമായി പവര്‍ ടില്ലര്‍, പവര്‍ സ്‌പേയറുകള്‍, ജലസേചന പമ്പുകള്‍, നെല്ല് മെതിയന്ത്രം, കാടുവെട്ടി യന്ത്രങ്ങള്‍ അടക്കം 8 ലക്ഷം രൂപയുടെ സമഗ്ര പദ്ധതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

കേരള എന്‍.ജി.ഒ. യൂണിയന്റെ ആഭിമുഖ്യത്തില്‍ ബയോ ബിന്നുകള്‍ വിതരണം ചെയ്തു. കട്ടമുടി പ്രദേശം ഹരിത നഗറാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പദ്ധതി.

പരിപാടിയില്‍ കേരള സംസ്ഥാന ഈറ്റ, കാട്ടുവള്ളി, തഴ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ചാണ്ടി പി അലക്‌സാണ്ടന്‍, ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി രാജേന്ദ്രന്‍, കട്ടമുടിക്കുടി വാര്‍ഡ് മെമ്പര്‍ ഷിജി ഷിബു, മുതുവാന്‍ സമുദായ സംഘടനാ സംസ്ഥാന പ്രസിഡണ്ട് പാല്‍രാജ്, മൂവാറ്റുപുഴ ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് അനൂപ് ആര്‍, ഹരിത കേരളം മിഷന്‍ ഇടുക്കി ജില്ലാ കോഡിനേറ്റര്‍, ഡോ. അജയ് പി കൃഷ്ണ, അടിമാലി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ. ജി. ജോളിക്കുട്ടി, അടിമാലി കൃഷി ഓഫീസര്‍ സിജി എം എ, കേരള എന്‍ജിഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ടി എം ഹാജറ, സലിം അലി ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പവിത്ര എ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജിഷ സന്തോഷ്, സിപിഐഎം ഇരുമ്പുപാലം ലോക്കല്‍ സെക്രട്ടറി അലിയാര്‍ എം പി, കുഞ്ചിപ്പെട്ടിക്കുടി കാണി ഭരതന്‍ ചിന്നരാജ്, പാടശേഖര സമിതി ജയേഷ് വനരാജന്‍, എ കെ എസ് സംസ്ഥാന പ്രസിഡണ്ട് ദീപു തുടങ്ങിയവര്‍ പങ്കെടുത്തു.
 

date