Skip to main content

തദ്ദേശവകുപ്പിലെ സ്വരാജ് മാധ്യമ അവാർഡ് : അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (ഫെബ്രവരി 12)

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന തദ്ദേശ ദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ സ്വരാജ് മാധ്യമ പുരസ്‌ക്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ (ഫെബ്രവരി 12).

അച്ചടി മേഖലയിലെ മികച്ച രണ്ട് വാർത്തയ്ക്കും ടെലിവിഷൻ രംഗത്തെ ഒരു വാർത്തയ്ക്കുമാണ് പുരസ്‌ക്കാരം. 25,000 രൂപയും പ്രശസ്തി പത്രവും മൊമന്റോയും അവാർഡായി നൽകും.

മാലിന്യമുക്തം നവകേരളം ക്യാമ്പയിനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചതും ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾക്കാണ് ഈ വർഷത്തെ അവാർഡ് ക്യാമ്പയിൻ ആരംഭിച്ചതു മുതൽ 2025 ജനുവരി 31 വരെ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതും ഈ കാലയളവിൽ ന്യൂസ് ചാനലുകളിൽ സംപ്രേഷണം ചെയ്തതുമായ വാർത്തകൾ അവാർഡിന് പരിഗണിക്കും. ഒരാൾക്ക് ഒരു എൻട്രി മാത്രമേ അയക്കാനാവൂ.

അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. ടിവി വാർത്താ വിഭാഗത്തിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത അഞ്ചുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡി വി ഡി യിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം.

ഓരോ എൻട്രിയോടൊപ്പവും ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം. പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺ നമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം.

അവാർഡിനയക്കുന്ന എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. കവറിന് പുറത്ത് സ്വരാജ് മാധ്യമപുരസ്‌ക്കാരം 2025 അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

എൻട്രികൾ ചീഫ് ഓഫീസർ, പബ്ലിക് റിലേഷൻസ്, എൽ എസ് ജി. ഡി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, സ്വരാജ് ഭവൻ, നന്തൻകോട്, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ ലഭിക്കണം. lsgdpr2024@gmail.com ലേക്കും എൻട്രികൾ അയയ്ക്കാം.

പി.എൻ.എക്സ് 655/2025

date