Skip to main content

പൊതുവിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്താത്ത ഓഫീസുകൾക്ക് പിടിവീഴും

*വിവരാകാശ കമ്മീഷണർ പരിശോധന ആരംഭിച്ചു
*അദാലത്തിൽ  10 പരാതികള്‍ തീർപ്പാക്കി 

സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം പൊതുവിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്താത്ത ഓഫീസുകളിൽ വിവരാവകാശ കമ്മിഷണർ  നേരിട്ടെത്തി പരിശോധിക്കുമെന്നും വിവരങ്ങള്‍ വെളിപ്പെടുത്താത്ത ഓഫീസുകൾക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു.
എല്ലാ  ഓഫീസുകളും പരിശോധനയ്ക്ക് സജ്ജമായിരിക്കണമെന്നും വിവരം ലഭ്യമല്ല എന്ന മറുപടി സ്വീകരിക്കില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി. ആലപ്പുഴ പി ഡബ്ല്യു ഡി ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച വിവരാവകാശ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ലഭ്യമാകേണ്ട വിവരങ്ങൾ ഒരുപാധിയും കൂടാതെ ലഭ്യമാക്കേണ്ടതാണെന്നും  കമ്മിഷണർ ചൂണ്ടിക്കാട്ടി. റവന്യൂവകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശിശുക്ഷേമ സമിതി, മോട്ടോർ വാഹന വകുപ്പ് ഉള്‍പ്പെടെയുള്ള ജില്ലയിലെ വിവിധ ഓഫീസ് പ്രതിനിധികള്‍ അദാലത്തിൽ പങ്കെടുത്തു. അദാലത്തിൽ പരിഗണിച്ച 10 പരാതികളും തീർപ്പാക്കി.
ചേർത്തല ആർടിഒ ഓഫീസ് 2005 ൽ നൽകിയ ലേണേഴ്സ് ലൈസൻസ് പകർപ്പിന് വേണ്ടിയുള്ള അപേക്ഷയില്‍ മറുപടി നൽകാത്ത സംഭവത്തില്‍ കമ്പ്യൂട്ടർവൽക്കരണത്തിന് മുമ്പുള്ള രേഖയായതു കൊണ്ട് രേഖകൾ കാണുന്നില്ല എന്നായിരുന്നു അപേക്ഷകന് ലഭിച്ച മറുപടി. എന്നാൽ ഒരു സംഘത്തെ നിയോഗിച്ച് രേഖകൾ കണ്ടെത്തി നൽകണമെന്ന് ആർടിഒ ഉദ്യോഗസ്ഥന് കമ്മിഷണർ നിർദ്ദേശം നൽകി. കൂടാതെ ശിശുക്ഷേമ സമിതിയിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന പരാതിയില്‍ ഏഴു ദിവസത്തിനകം അപേക്ഷകന് വേണ്ട രേഖകൾ നൽകാനും  കമ്മിഷൻ നിർദ്ദേശിച്ചു.
വിവരാവകാശ കമ്മിഷണറുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ അപ്പീലുകൾ തീർപ്പാക്കി വരുകയാണെന്നും താലൂക്ക് തലത്തിൽ വർക്ക് ഷോപ്പുകൾ സംഘടിപ്പിക്കുന്നതായും കമ്മിഷണര്‍ പറഞ്ഞു. കൂടാതെ പരിശോധനകളും നടത്തുന്നുണ്ട്. കമ്മിഷന്റെ ഇത്തരം ഇടപെടലുകളിലൂടെ ജനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ വ്യക്തമായും കൃത്യതയോടെയും ഉദ്യോഗസ്ഥർക്ക് നൽകാൻ കഴിയുന്നുണ്ടെന്നും കമ്മിഷണർ പറഞ്ഞു.
(പിആർ/എഎൽപി/452)

date