"ഗുട്ടൻബർഗ് മുതൽ സക്കർബർഗ് വരെ" - ശ്രദ്ധേയമായി മാധ്യമ സെമിനാർ*
നവമാധ്യമങ്ങളുടെ ചരിത്രവും സാധ്യതകളും ചർച്ച ചെയ്ത് ഇൻഫർമേഷൻ ആൻ്റ് പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ ഏകദിന സാമൂഹ്യ മാധ്യമ പരിശീലന പരിപാടി. "ഗുട്ടൻബർഗ് മുതൽ സക്കർബർഗ് വരെ" എന്ന പേരിൽ കൊച്ചി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന പരിപാടി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി .വി സുഭാഷ് ഉദ്ഘാടനം ചെയ്തു.
സമൂഹ മാധ്യമങ്ങൾ അനുനിമിഷം വളർന്നു കൊണ്ടിരിക്കുകയാണെന്നും അതിനൊപ്പം നമ്മളും മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പി.ആർ പ്രൊഫഷണലുകൾ എന്ന നിലയിൽ സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകൾ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയണം. അതേ സമയം സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ സ്വന്തം നിലയിൽ സൂക്ഷ്മ പരിശോധന ഏറെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവമാധ്യമങ്ങളുടെ സാധ്യതകളെ അടിസ്ഥാനമാക്കി ഒരുക്കിയ സെമിനാർ പ്രശസ്ത കോളമിസ്റ്റും പി.ആർ പ്രൊഫഷണലുമായ റാംമോഹൻ പാലിയത്താണ് നയിച്ചത്. സാമൂഹിക മാധ്യങ്ങൾ എങ്ങനെ മനുഷ്യ മനസ്സുകളെ സ്വാധീനിക്കുന്നു, ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാം, സാമൂഹിക മാധ്യമങ്ങളുടെ പ്രചാരണ ശേഷി എത്രത്തോളമാണ് , ഏങ്ങനെ ട്രാക്ക് ചെയ്യാം തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
വകുപ്പിലെ അസി. എഡിറ്റർമാർക്കും അസി. ഇൻഫർമേഷൻ ഓഫീസർക്കുമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കേരള മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ നിജാസ് ജ്യുവൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ.ബി ബിജു, അസിസ്റ്റൻ്റ് എഡിറ്റർ എ.ടി. രമ്യ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ എം.എൻ സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments