ആരോഗ്യം ആനന്ദം അകറ്റാം അർബുദം - കാൻസർ പ്രതിരോധ ജനകീയ കാമ്പയിൻ
കളക്ടറേറ്റിൽ മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു
'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' കാൻസർ പ്രതിരോധ ജനകീയ കാമ്പയിന്റെ ഭാഗമായി കളക്ടറേറ്റിൽ മെഗാ സ്‌ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കായി സംഘടിപ്പിച്ച സ്ക്രീനിംഗ് ക്യാമ്പ് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. കാൻസറിനെ സംബന്ധിച്ചിടത്തോളം പ്രാരംഭഘട്ടത്തിൽ തന്നെ രോഗനിർണയം നടത്തുക എന്നുള്ളതാണ് പ്രധാനമെന്നും കളക്ടറേറ്റിലെ പരമാവധി വനിതാ ജീവനക്കാരും കാമ്പയിന്റെ ഭാഗമാകണമന്നും കളക്ടർ പറഞ്ഞു.
ജില്ലയിൽ ഫെബ്രുവരി 4 ന് ആരംഭിച്ച കാൻസർ പ്രതിരോധ കാമ്പയിൻ മാർച്ച് 8 വരെ നീണ്ടുനിൽക്കും. മുപ്പത് വയസ്സിന് മുകളിലുളള സ്‌ത്രീകളിൽ സ്‌തനാർബുദം, ഗർഭാശയ ക്യാൻസർ എന്നിവയുണ്ടോ എന്ന് നേരത്തേ തന്നെ കണ്ടെത്തി രോഗത്തെ പൂർണ്ണമായും അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് കാമ്പയിൻ നടത്തുന്നത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ സവിത ക്യാൻസറിനെ സംബന്ധിച്ച ബോധവൽക്കരണ ക്ലാസ്സ് എടുത്തു. ഹുസൂർ ശിരസ്തദാർ അനിൽകുമാർ മേനോൻ, കാക്കനാട് എഫ്.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ആർ. ഗോപിക പ്രേം, ഡിസ്ട്രിക്ട് എഡ്യൂക്കേഷൻ & മീഡിയ ഓഫീസർ സി.എം ശ്രീജ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ 100 ൽ അധികം വനിതാ ജീവനക്കാരെ സ്ക്രീൻ ചെയ്തു. പരിപാടിയുടെ ഭാഗമായി എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കളക്ടറേറ്റ് അങ്കണത്തിൽ ഫ്ലാഷ് മോബും സംഘടിപ്പിച്ചിരുന്നു.
- Log in to post comments