Skip to main content

മുതിർന്ന പൗരന്മാരോടുള്ള പെരുമാറ്റം പരിഷ്കൃത സമൂഹത്തിന്റെ അളവുകോൽ: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

ഒരു സമൂഹം പരിഷ്കൃതമാകുന്നതിന്റെ അളവുകോൽ ആ സമൂഹം അവിടുത്തെ മുതിർന്ന പൗരന്മാരോട് എങ്ങനെ പെരുമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എറണാകുളം ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച "സ്നേഹതണൽ 25" ജില്ലാ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമീപ ഭാവിയിൽ കേരളം പ്രായമായവരുടെ നാടായി മാറും. പ്രായമായി എന്നുകരുതി വീട്ടിൽ തന്നെ ഇരിക്കരുത്. പൊതു സമൂഹത്തിൽ സജീവമാവുക എന്നതാണ് അതിനെ മറികടക്കാനുള്ള മാർഗമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും വയോജനപാർക്കുകൾ സ്ഥാപിക്കാനുള്ള എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം സംസ്ഥാനത്തിന് തന്നെ മാതൃകയാണ്. വയോജന ക്ഷേമം ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മനോജ് മൂത്തേടന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സിൽവർ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റോജി എം ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി. ഭിന്നശേഷി മേഖലയിൽ മികച്ച ഇടപെടലുകൾ നടത്തിയതിന് കോതമംഗലം മാർ ബേസിൽ സ്കൂളിന് സാമൂഹ്യനീതി വകുപ്പിന്റെ 2024-ലെ സഹചാരി പുരസ്കാരം സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, വൈസ് പ്രസിഡന്റ് എൽസി ജോർജ്, സർവ്വകലാശാല രജിസ്ട്രാർ ഡോ. മോത്തി ജോർജ്, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ കൊച്ചുത്രേസ്യ തങ്കച്ചൻ ,ഷൈജൻ തോട്ടപ്പിള്ളി, സനിത റഹീം, ശാരദ മോഹൻ, ഷൈനി ജോർജ്, അനിമോൾ ബേബി, റാണിക്കുട്ടി ജോർജ് , ഷാരോൺ പനക്കൽ , ഷൈമി വർഗീസ്, ടി എൻ മിഥുൻ, ജോയി ആവോക്കാരൻ, പ്രിയ രഘു , ലതിക ശശികുമാർ, മേരി ദേവസിക്കുട്ടി, ഷിജി വർഗീസ്,  സൈന ബാബു,കെ വി ബിബീഷ്,  ഡോ. ജോസ് ആന്റണി, പി വി സുഭാഷ്, സിനോ സേവ്യർ , ദിവ്യ രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

 

 

date