Skip to main content

ആർത്തുല്ലസിച്ച് വയോജനങ്ങൾ; സന്തോഷ മുഖരിതമായി പ്രഥമ ജില്ലാ വയോജന സംഗമം

ആടിയും പാടിയും സന്തോഷിച്ച ഒരു ദിവസം. ഏകാന്തത നിറഞ്ഞ വീട്ടകങ്ങളിലെ മൂകതയിൽ നിന്നുള്ള മാറ്റം ഓരോരുത്തരുടേയും മുഖത്ത് പ്രകടമായിരുന്നു. പ്രായത്തിന്റെ അവശതകൾ മറന്ന് ആർത്തുല്ലസിച്ച നൂറു കണക്കിന് വയോജനങ്ങളായിരുന്നു ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നടന്ന പ്രഥമ ജില്ലാ വയോജന സംഗമത്തിന്റെ മുഖ്യ ആകർഷണം.

പാട്ടു പാടിയും നൃത്തമാടിയും, തിരുവാതിര, മാർഗംകളി തുടങ്ങിയ പരമ്പരാഗത കലാ പ്രകടനങ്ങൾ അവതരിപ്പിച്ചും, വേഷപ്രച്ഛന്നരായി രംഗത്തെത്തിയും പ്രായം ഒന്നിനും തടസമല്ലെന്നും അത് വെറും നമ്പർ മാത്രമാണെന്നും അവർ തെളിയിച്ചു. വയോജനങ്ങളുടെ സാമൂഹ്യ ബന്ധങ്ങൾ, പൊതു സമ്പർക്കം, മാനസികവും ശാരീരികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്  എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ "സ്നേഹത്തണൽ 25" എന്ന പേരിൽ വയോജന സംഗമം സംഘടിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാ ഇത്തരത്തിലുള്ള സംഗമം നടന്നത്. ഇതോടെ സംസ്ഥാനത്തിന് തന്നെ മാതൃകയാകുകയാണ് എറണാകുളം ജില്ലാ പഞ്ചായത്ത്.

ജില്ലാ സാമൂഹ്യനീതി ഓഫീസ്, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സോഷ്യൽ വർക്സ് വകുപ്പ്, ജില്ലാ വയോജന കൗൺസിൽ, സാമൂഹ്യ സുരക്ഷാ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇതോടനുബന്ധിച്ച് ജീവിതശൈലീ രോഗങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ്, യോഗ, കലാപരിപാടികൾ, ഭക്ഷ്യമേള, മില്ലറ്റ് ഫെസ്റ്റ്, ചിത്ര പ്രദർശനം ക്യാമ്പസ് ട്രിപ്പ് തുടങ്ങി വിവിധ പരിപാടികൾ നടത്തി. എല്ലാ വർഷവും വയോജന സംഗമങ്ങൾ സംഘടിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വരും മാസങ്ങളിൽ തന്നെ വയോജന കായികമേള, കലാമേളകൾ തുടങ്ങിയവ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

date