റൺ എവേ ഫ്രം ഡ്രഗ്‌സ് സന്ദേശവുമായി ഐഎച്ച്ആർഡിയുടെ സ്‌നേഹത്തോൺ
യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന അക്രമ വാസനകൾക്കും ലഹരി ഉപയോഗത്തിനും എതിരെ കേരള സർക്കാർ സ്വീകരിച്ച് വരുന്ന നടപടികളുടെ ഭാഗമായി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തുടനീളം സ്‌നേഹത്തോൺ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ ആസ്ഥാനങ്ങളിലുൾപ്പെടെ നൂറോളം കേന്ദ്രങ്ങളിൽ ഐഎച്ച്ആർഡി സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ റൺ എവേ ഫ്രം ഡ്രഗ്‌സ് എന്ന സന്ദേശവുമായി നടത്തിയ കൂട്ടയോട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊല്ലത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു നിർവ്വഹിച്ചു. ലഹരി മാഫിയ നമ്മുടെ സമൂഹത്തിൽ പിടിമുറുക്കാൻ ശ്രമിക്കുന്ന ഈ സന്ദർഭത്തിൽ ലഹരിയല്ല ജീവിതമാണ് ഹരം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാനമായ ഐ എച്ച് ആർ ഡി സ്ഥാപനങ്ങൾ ഇത്തരത്തിൽ സ്‌നേഹത്തോൺ നടത്തുന്നത് വളരെയധികം സന്തോഷമുളവാക്കുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. ഈ വിഷയത്തിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുവാൻ ഉദ്ദേശിക്കുന്ന നടപടികൾ വിശദീകരിച്ച മന്ത്രി എസ്.എൻ.കോളേജ് ജംഗ്ഷന് സമീപത്തുള്ള ശാരദാമഠത്തിന് മുന്നിൽ നിന്നാരംഭിച്ച കൂട്ടയോട്ടത്തിൽ പങ്കാളിയായി.
തലസ്ഥാനമായ തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിനു മുൻപിൽ നിന്നാരംഭിച്ച കൂട്ടയോട്ടം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഫ്ലാഗ് ഓഫ് ചെയ്തു. എക്‌സ്സൈസ് കമ്മീഷണർ മഹിപാൽ യാദവ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ സന്നിഹിതരായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡോ.വി.എ. അരുൺ കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളും ജീവനക്കാരുമടക്കം നാനൂറോളം പേർ പങ്കെടുത്ത കൂട്ടയോട്ടം സെക്രട്ടറിയേറ്റിന്റെ മുന്നിലൂടെ കടന്ന് സെൻട്രൽ സ്റ്റേഡിയത്തിൽ പൂർത്തീകരിച്ചു. സമൂഹത്തിനെ കാർന്നു തിന്നുന്ന ലഹരി ഉപയോഗം എന്ന സാമൂഹിക വിപത്തിനെതിരെ ഒത്തൊരുമിച്ചു നീങ്ങണമെന്നും അതിന്റെ ബോധവത്കരണത്തിന് മുൻകൈയ്യെടുക്കുന്ന ഐഎച്ച്ആർഡിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു. കൊല്ലത്ത് ആശ്രാമം മൈതാനത്തു നിന്ന് ആരംഭിച്ച കൂട്ടയോട്ടം മുൻ മന്ത്രി കെ. രാധാകൃഷ്ണൻ.എം.പി ഫ്ലാഗ് ഓഫ് ചെയ്തു മറ്റു കേന്ദ്രങ്ങളിൽ എം.എൽ.എ മാരുമുൾപ്പെടെയുള്ളവർ ഫ്ലാഗ് ഓഫ് ചെയ്ത കൂട്ടയോട്ടത്തിൽ വിദ്യാർത്ഥികളടക്കം നിരവധി പേർ പങ്കാളികളായി. തുടർന്ന് സ്ഥാപനങ്ങളിൽ സ്‌നേഹമതിൽ തീർക്കുകയും സ്‌നേഹസംഗമം നടത്തുകയും ഉണ്ടായി.
പി.എൻ.എക്സ് 1027/2025
- Log in to post comments