Skip to main content

വനിതാ ദിനത്തിൽ ചരിത്രം സൃഷ്ടിച്ച് കേരളം

* ഒരു മാസത്തിനുള്ളിൽ 10 ലക്ഷത്തിലധികം സ്ത്രീകൾക്ക് കാൻസർ സ്‌ക്രീനിംഗ്

* സ്‌ക്രീനിംഗിൽ 86 പേർക്ക് കാൻസർ സ്ഥിരീകരിച്ചു

കാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദംജനകീയ കാൻസർ പ്രതിരോധ ക്യാമ്പയിനിൽ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധികം (10,69,703) പേർ കാൻസർ സ്‌ക്രീനിംഗ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ 1517 ആശുപത്രികളിൽ സ്‌ക്രീനിംഗിനായുള്ള സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സ്‌ക്രീൻ ചെയ്തതിൽ 42,048 പേരെ കാൻസർ സംശയിച്ച് തുടർ പരിശോധനകൾക്കായി റഫർ ചെയ്തു. കാൻസർ ക്യാമ്പയിൻ വിജയമാക്കിയ പ്രിയപ്പെട്ട സഹപ്രവർത്തകർക്കും സ്ത്രീ സമൂഹത്തിനും മന്ത്രി നന്ദി അറിയിച്ചു. ഭയത്തെ അതിജീവിച്ച് കാൻസർ രോഗത്തെ അതിജീവിക്കാൻ മുന്നോട്ടുവന്നതിൽ അഭിനന്ദനം. ഏവർക്കും വനിതാദിന ആശംസകളും നേർന്നു.

9,66,665 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടോയെന്നറിയാൻ സ്‌ക്രീനിംഗ് നടത്തി. അതിൽ 20,530 പേരെ (2 ശതമാനം) സ്തനാർബുദം സംശയിച്ച് തുടർ പരിശോധനയ്ക്ക് റഫർ ചെയ്തു. 7,72,083 പേരെ ഗർഭാശയഗളാർബുദത്തിന് സ്‌ക്രീൻ ചെയ്തതിൽ 22,705 പേരെ (3 ശതമാനം) തുടർ പരിശോധനയ്ക്കായും 6,52,335 പേരെ വായിലെ കാൻസറിന് സ്‌ക്രീൻ ചെയ്തതിൽ 2,383 പേരെ തുടർ പരിശോധനയ്ക്കായും റഫർ ചെയ്തു. ഈ ക്യാമ്പയിനിലൂടെ നിലവിൽ 86 പേർക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ ഭൂരിപക്ഷം പേരിലും പ്രാരംഭഘട്ടത്തിൽ തന്നെ കാൻസർ കണ്ടുപിടിക്കാനായതിനാൽ ചികിത്സിച്ച് വേഗം ഭേദമാക്കാൻ സാധിക്കും.

ക്യാമ്പയിന്റെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതിന്റെ ആദ്യഘട്ട ക്യാമ്പയിൻ സ്ത്രീകൾക്ക് വേണ്ടിയുള്ളതാണ്. സ്ത്രീകളെ പ്രധാനമായി ബാധിക്കുന്ന സ്തനാർബുദംഗർഭാശയഗള കാൻസർ എന്നിവയോടൊപ്പം മറ്റ് കാൻസറുകളും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. പരിശോധനയിൽ കാൻസർ സ്ഥിരീകരിക്കുന്നവർക്ക് ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുന്നതാണ്. ബിപിഎൽ വിഭാഗക്കാർക്ക് പൂർണമായും സൗജന്യമായിട്ടാണ് പരിശോധന. എപിഎൽ വിഭാഗക്കാർക്ക് മിതമായ നിരക്കിലും പരിശോധനാ സൗകര്യം ഒരുക്കിയിട്ടുണ്ട്.

സർക്കാർസ്വകാര്യസഹകരണ മേഖലകൾസന്നദ്ധ പ്രവർത്തകർസംഘടനകൾപൊതുസമൂഹം തുടങ്ങി എല്ലാവരും സഹകരിച്ച് കൊണ്ടാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. സ്വകാര്യ ആശുപത്രിസ്വകാര്യ ലാബുകൾ എന്നിവരും സഹകരിക്കുന്നുണ്ട്. പല കാൻസറുകളും വളരെ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ ഭേദമാക്കാൻ സാധിക്കും.

ആശാ വർക്കർമാർഅങ്കണവാടി ജീവനക്കാർമാധ്യമ പ്രവർത്തകർസെക്രട്ടറിയേറ്റ് ജീവനക്കാർടെക്നോപാർക്ക് ജീവനക്കാർ തുടങ്ങിയവർക്കായി പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചു. അതിലെല്ലാം ബഹുഭൂരിപക്ഷം പേരും പങ്കെടുത്തു. ഇനിയും സ്‌ക്രീനിംഗിന് വിധേയമായിട്ടില്ലാത്തവർ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലെത്തിയാൽ കാൻസർ സ്‌ക്രീനിംഗ് നടത്താവുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗിൽ പങ്കെടുത്ത് കാൻസർ ഇല്ലായെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പി.എൻ.എക്സ് 1044/2025

 

date