Skip to main content

ജില്ലയിലെ ആദ്യ മാലിന്യ മുക്ത പഞ്ചായത്ത് പദവി നേടി മണീട്

ജില്ലയിലെ ആദ്യത്തെ മാലിന്യമുക്ത പഞ്ചായത്ത് പദവി സ്വന്തമാക്കി മണീട് ഗ്രാമപഞ്ചായത്ത്. ഹരിത പ്രഖ്യാപനം തദ്ദേശ സ്വയം ഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ടി വി അനുപമ നിര്‍വഹിച്ചു. 

പഞ്ചായത്തും ജനങ്ങളും ഒത്തുചേര്‍ന്ന് ഉത്തരവാദിത്വത്തോടെയുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് ഹരിത പ്രഖ്യാപനം നടത്തിക്കൊണ്ട് സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു. ഹരിത പ്രഖ്യാപനത്തിന്റെ മാനദണ്ഡങ്ങള്‍ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇത് സുസ്ഥിരതയോടെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാര്‍ച്ച് 30 ന് മുമ്പായി മാലിന്യമുക്ത പ്രഖ്യാപനം നടത്തണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദ്ദേശം. എന്നാല്‍ അതിനും മൂന്ന് ആഴ്ച മുമ്പ് തന്നെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി പ്രഖ്യാപനം നടത്തുന്ന മണീട് മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാണെന്നും സ്‌പെഷ്യല്‍ സെക്രട്ടറി പറഞ്ഞു.

 

ഉദ്യോഗസ്ഥരും പഞ്ചായത്തും പൊതുജനങ്ങളും ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനം കൊണ്ടാണ് ഇത്തരമൊരു നേട്ടം നേടിയെടുക്കാന്‍ സാധിച്ചതെന്ന് ഹരിത പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സ്ഥാപനങ്ങളെ ആദരിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് പറഞ്ഞു. ചടങ്ങില്‍ ഹരിത ഭവനം സ്റ്റിക്കര്‍ ഉദ്ഘാടനവും പഞ്ചായത്ത് സെക്രട്ടറി കെ അനിമോള്‍ക്ക് നല്‍കി കളക്ടര്‍ നിര്‍വഹിച്ചു.  

 

ഡോ ബി ആര്‍ അംബേദ്കര്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ വര്‍ഗീസ് അദ്ധ്യക്ഷയായി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി റ്റി അനീഷ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു.  

 

മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, അയല്‍ക്കൂട്ടങ്ങള്‍ എന്നിവയെല്ലാം ഹരിതമായി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ പൊതുസ്ഥലങ്ങളെല്ലാം വാര്‍ഡുതല ശുചിത്വ നിര്‍വ്വഹണ സമതിയുടേയും തൊഴിലുറപ്പ് തൊഴിലാളികളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ വൃത്തിയാക്കി. അറുപതോളം പൊതു സ്ഥലങ്ങളാണ് ഇത്തരത്തില്‍ വൃത്തിയാക്കിയത്. വൃത്തിയാക്കിയ സ്ഥലങ്ങളില്‍ ചെടികള്‍ നടുകയും സിസിടിവി സ്ഥാപിക്കുകയും ചെയ്തു. 

 

പഞ്ചായത്തിലെ 48 കിലോമീറ്റര്‍ തോടുകളും, 42 നീര്‍ച്ചാലുകളും 36 ജലാശയങ്ങളും ശുചീകരിച്ച് മാലിന്യമുക്തമാക്കി. പഞ്ചായത്തിന് കീഴിലുള്ള ഭവനങ്ങള്‍ക്ക് ബയോ ഡൈജസ്റ്റര്‍ ബിന്നുകള്‍ വിതരണം ചെയ്തു. പൊതു ഇടങ്ങളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിച്ചു. 

 

അങ്കണവാടികള്‍ ഉള്‍പ്പെടെ 56 സ്ഥാപനങ്ങള്‍ ഹരിത സ്ഥാപനങ്ങള്‍ ആക്കി. ഒമ്പത് വിദ്യാലയങ്ങളും ഒരു ക്യാമ്പസും ഹരിത ക്യാമ്പസ് ആയി മാറ്റുകയും ചെയ്തു. രണ്ട് ടൗണുകള്‍ ഹരിത ടൗണ്‍ ആയി പ്രഖ്യാപിച്ചു. 250 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി ആരംഭിച്ചിട്ടുണ്ട്. 30 ഹെക്ടര്‍ ഓളം തരിശുഭൂമി കൃഷിക്ക് യോഗ്യമാക്കുകയും ചെയ്തു. 

 

ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ ജെ ജോയ്, നവകേരള മിഷന്‍ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എസ് ലിജുമോന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ റ്റി എം റെജിന , ജില്ലാ പഞ്ചായത്ത് മെമ്പര്‍ എല്‍ദോ ടോം പോള്‍, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ പ്രദീപ്, മുളന്തുരുത്തി ബ്ലോക്ക് മെമ്പര്‍ ജ്യോതി രാജീവ്, ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് ജില്ലാ കോ ഓഡിനേറ്റര്‍ കെ കെ രവി, ഹരിത കേരളം മിഷന്‍ ബ്ലോക്ക് കോ ഓഡിനേറ്റര്‍ കെ റ്റി രത്‌നാഭായ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date