Skip to main content

മാലിന്യമുക്ത നവകേരളം: പെരുമ്പളം പഞ്ചായത്തിൽ ബയോ ബിൻ വിതരണം ചെയ്തു

മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിൽ ജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള ബിന്നുകളും ജൈവമാലിന്യം സംസ്കരിക്കുന്നതിനുള്ള ബയോകമ്പോസ്റ്റ് ബിന്നുകളും വിതരണം ചെയ്തു. പെരുമ്പളം ഹോമിയോ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി ആശ സിദ്ധ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ. ആദർശിന് ബിന്നുകൾ കൈമാറിക്കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ ഓഫീസ്, കൃഷിഭവൻ, ഹോമിയോ ആശുപത്രി, ആയുർവേദ ആശുപത്രി, സിദ്ധ ആശുപത്രി, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസ്, എൽ പി സ്കൂളുകൾ, ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ, വിഎച്ച്എസ്ഇ സ്കൂൾ, വില്ലേജ് ഓഫീസ്, മൃഗാശുപത്രി, എഇ ഓഫീസ്, കുടുംബശ്രീ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ പഞ്ചായത്തിലെ പതിനെട്ട് ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കുമാണ് ബിന്നുകൾ വിതരണം ചെയ്തത്. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി ശുചിത്വമിഷൻ വഴി 40,000 രൂപയും കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റായ 5,06,000 രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിലെ സ്കൂളുകളിൽ മുഴുവൻ ക്ലാസ് റൂമുകളിലേക്കും മാലിന്യ നിക്ഷേപ ബിന്നുകൾ എത്തിക്കാനും പദ്ധതിയിലൂടെ സാധിച്ചുവെന്ന് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ്‌ എം എൻ ജയകരൻ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷരായ സരിത സുജി, കുഞ്ഞൻ തമ്പി, ജനപ്രതിനിധികളായ പി സി ജബീഷ്, ദിനീഷ് ദാസ്, മുൻസില ഫൈസൽ, അസിസ്റ്റന്റ് സെക്രട്ടറി കെ പി മധു തുടങ്ങിയവർ പങ്കെടുത്തു.

 

date