Skip to main content
.

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ചേര്‍ന്നു 

 

* ഉല്ലാസ് പദ്ധതി നടപ്പാക്കുന്നത് ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിൽ

 

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്) നടപ്പിലാക്കുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറിമാരുടെ യോഗം ഇടുക്കി ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. സാക്ഷരതാ പ്രവർത്തനം മികച്ച സന്നദ്ധ പ്രവർത്തനമാണെന്നും; സാക്ഷരതാ പ്രവർത്തനം നാടിൻ്റെ അഭിവൃദ്ധിക്കും പുരോഗതിക്കും കാതലായ മാറ്റമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  

ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ ജി സത്യന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടര്‍ കെ. സെൻകുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി കെ സജീവ് പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍കരീം സ്വാഗതവും അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ജെമിനി ജോസഫ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് റിസോഴ്‌സ് പേഴ്‌സൺമാരുടെ പരിശീലന ക്ലാസും നടന്നു.

 

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ്)

 

സാക്ഷരത മിഷൻ്റെയും തദ്ദേശസ്വയം ഭരണ വകുപ്പിന്റെയും നേതൃത്വത്തില്‍ ജില്ലയിലെ 20 ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇവിടങ്ങളിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയാണ് ഉല്ലാസ് പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞത് 6000 പേരെ ലക്ഷ്യം വച്ചാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. പട്ടികജാതി വിഭാഗം 900, പട്ടികവര്‍ഗ വിഭാഗം 300, ന്യൂനപക്ഷ വിഭാഗങ്ങള്‍ 1860, പൊതുവിഭാഗം 2940 പേര്‍ എന്നിങ്ങനെ 4740 സ്ത്രീകളെയും 1260 പുരുഷന്മാരെയുമാണ് തെരഞ്ഞെടുക്കുക. ഗ്രാമപഞ്ചായത്തുകളിൽ കൂടുതൽ നിരക്ഷരരുണ്ടെങ്കിൽ അവരെയും പദ്ധതിയുടെ ഭാഗമാക്കും. നിരക്ഷരരെ കണ്ടെത്താനായി വോളണ്ടിയര്‍മാര്‍ക്ക്

പരിശീലനം നല്കി നിയോഗിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് പദ്ധതി നടത്തിപ്പ്. പദ്ധതി ചിലവിൻ്റെ 60 ശതമാനം കേന്ദ്ര സർക്കാരും, 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുക. പദ്ധതിയുടെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത്തല റിസോഴ്സ് പേഴ്സണെ തെരഞ്ഞെടുത്തു. ഇവർക്കായി പരിശീലന ക്ലാസും സംഘടിപ്പിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ പി.എം അബ്ദുൽ കരീം ക്ലാസുകൾ നയിച്ചു.

 

അടിമാലി, ബൈസണ്‍വാലി, വണ്ടിപ്പെരിയാര്‍, പീരുമേട്, മൂന്നാര്‍, ദേവികുളം, മാങ്കുളം, ചിന്നക്കനാല്‍, ശാന്തന്‍പാറ,വണ്ണപ്പുറം, വാത്തിക്കുടി, അറക്കുളം, കാഞ്ചിയാര്‍, വണ്ടന്‍മേട്, ചക്കുപള്ളം, പാമ്പാടുംപാറ, ഉടുമ്പന്‍ചോല, ഉപ്പുതറ, രാജാക്കാട്,രാജകുമാരി എന്നീ ഇരുപത് ഗ്രാമപഞ്ചായത്തുകളാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം (ഉല്ലാസ് ) പദ്ധതിക്കായി ജില്ലയില്‍ തെരഞ്ഞെടുത്തിട്ടുള്ളത്.

 

ചിത്രം: 1) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് പദ്ധതിരേഖ നൽകി ഉല്ലാസ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

2) ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീർണാകുന്നേൽ സംസാരിക്കുന്നു

 

date