Skip to main content
 നിർമാണം പരോഗമിക്കുന്ന മാക്കേകടവ് -നേരേകടവ് പാലം

വേമ്പനാട് കായലിന് കുറുകെയുള്ള നേരേക്കടവ്-മക്കേകടവ് പാലത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു

 കോട്ടയം ജില്ലയിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തിനെയും  ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വേമ്പനാട്ട് കായലിന് കുറുകെ നിർമിക്കുന്ന മാക്കേകടവ് -നേരേകടവ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗതിയിൽ. പാലത്തിന്റെ 70 ശതമാനം നിർമാണ പ്രവർത്തനങ്ങളും പൂർത്തിയായി കഴിഞ്ഞു. ഈ വർഷാവസാനത്തോടെ പാലം പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കത്തക്ക രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നു സി.കെ. ആശ എം.എൽ.എ. പറഞ്ഞു. മുടങ്ങിക്കിടന്ന നേരേകടവ് - മാക്കേകടവ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് 2024 മാർച്ച് മാസം പുനരാരംഭിക്കാൻ കഴിഞ്ഞതെന്നും സി.കെ. ആശ എം.എൽ.എ. പറഞ്ഞു. പാലം യാഥാർഥ്യമാകുന്നതോടെ വൈക്കത്തു നിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴി കൂടിയാകും ഇത്.  
 തുറവൂർ- പമ്പാ പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി  93.35 കോടി രൂപ  സർക്കാർ ഫണ്ടിൽ നിന്ന് ചെലവിട്ട് നിർമ്മിക്കുന്ന പാലത്തിന് 800 മീറ്റർ നീളവും 11. 23 മീറ്റർ വീതിയുമാണുള്ളത്. 7.50 മീറ്റർ കാരിയേജ് വേയും പാലത്തിന്റെ ഇരുവശങ്ങളിലായി 1.25 മീറ്റർ വീതിയിലായി നടപ്പാതയുമുണ്ട്.

22 സ്പാനോടുകൂടിയ പാലത്തിന്റെ നടുഭാഗത്തതായി 47.16 മീറ്റർ നീളമുള്ള രണ്ട് നാവിഗേഷൻ സ്പാനുകളുണ്ട്. 35.09 മീറ്റർ നീളമുള്ള 16 സ്പാനുകളും 35.76 മീറ്റർ നീളമുള്ള നാല് സ്പാനുകളും കൂടി ചേരുന്നതാണ് പാലം.
 എംഎസ് ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ  പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.
 തൈക്കാട്ടുശ്ശേരി, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, കുറവിലങ്ങാട്, പാലാ, പൊൻകുന്നം, എരുമേലി എന്നിവിടങ്ങളിലൂടെയാണ് തുറവൂർ-പമ്പ ഹൈവേ കടന്നുപോകുന്നത്. തുറവൂർ ക്ഷേത്രം, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂർ, എരുമേലി എന്നീ തീർഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചുള്ള പാതയാണിത്.

date