ആരോഗ്യം ആനന്ദം അകറ്റാം അർബുദം: ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ സമാപിച്ചു
'ആരോഗ്യം ആനന്ദം അകറ്റാം അർബുദം' ക്യാൻസർ പ്രതിരോധ ക്യാമ്പയിൻൻ്റെ ആദ്യഘട്ട ജില്ലാതല സമാപന പരിപാടിയുടെ ഉദ്ഘാടനം പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷറഫ് നിർവഹിച്ചു.
ലോക വനിതാ ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസും ആരോഗ്യ കേരളം തൃശ്ശൂരും പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തും പഴയന്നൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രവും, ചേലക്കര താലൂക്കാശുപത്രിയും ചേലക്കര ജീവോദയ മിഷൻ ആശുപത്രിയുമായി സഹകരിച്ച് കേരള സർക്കാർ ഫെബ്രുവരി നാലു മുതൽ ആരംഭിച്ച ക്യാമ്പയിനാണ് സമാപിച്ചത്. പൊതുജന സ്വകാര്യ പങ്കാളിത്ത പദ്ധതിയായാണ് ക്യാംപയിൻ നടത്തിയത്.
ചേലക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ. പത്മജ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. കെ. കെ ഗൗതമൻ വിഷയാവതരണം നടത്തി.
30 വയസ്സിന് മുകളിലുള്ള സ്ത്രീകളിൽ കണ്ടുവരുന്ന ഗർഭാശയഗളാർബുദം ,സ്തനാർബുദ സ്ക്രീനിംഗ് പരിശോധനയുടെ ഭാഗമായി 90 ഓളം
പേരുടെ പാപ്‌സ്മിയർ സാംപിളുകൾ പരിശോധനയ്ക്കായി എടുത്തു. ഗൈനക്കോളജിസ്റ്റ് ഡോ. സീലിയ സ്ക്രീനിങിന് നേതൃത്വം നൽകി. ആരോഗ്യ കേരളം ജില്ലാ കൺസൾട്ടൻ്റ് ഡാനി പ്രിയൻ, പഴയന്നൂർ ബ്ലോക്കിലെ ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശവർക്കർമാർ, ജീവോദയ ആശുപത്രി ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ പി. ശ്രീജയൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ കാളിയത്ത്, വാർഡ് മെമ്പർ ടി. ഗോപാലകൃഷ്ണൻ, ജില്ലാ മീഡിയ ആൻഡ് എജ്യുക്കേഷൻ ഓഫിസർ പി എ സന്തോഷ്കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജീവോദയ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ പുഷ്പ സ്വാഗതം ആശംസിച്ച ചടങ്ങിൽ
ലിയോ ജോസഫ് നന്ദി പറഞ്ഞു.
- Log in to post comments