മയക്കുമരുന്നിനെതിരെ ജനകീയ വന്മതിൽ; വിപുലമായ ആക്ഷൻ പ്ലാൻ
മയക്കുമരുന്നിനും ലഹരി വസ്തുക്കളുടെ വ്യാപനത്തിനുമെതിരേ ഒറ്റക്കെട്ടായി കയ്പമംഗലം നിയോജക മണ്ഡലം. വിപുലമായ ആക്ഷൻ പ്ലാനോടുകൂടി ജനകീയ കൂട്ടായ്മകൾക്ക് തുടക്കമായി. കൈപ്പമംഗലം എംഎൽഎ ഇ.ടി ടൈസൺ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ, സർക്കാർ സംവിധാനങ്ങൾ, രാഷ്ട്രീയ സാമൂഹിക കലാകായിക സംഘടനകൾ, വിമുക്തി, യോദ്ധാവ്, സ്നേഹത്തോൺ പദ്ധതികളുടെ സംഘാടകർ എന്നിവരെയെല്ലാം ഒരു കുടക്കീഴിൽ സംയോജിപ്പിച്ചാണ് ജനകീയ കൂട്ടായ്മ രൂപീകരിച്ചത്. മയക്കുമരുന്നിന്റെ വിതരണം ഉറവിടം എന്നിവ കണ്ടെത്താനും ഇതിൽ ഉൾപ്പെടുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും കുട്ടികളടക്കം ഇതിന് ഇരകൾ ആയവരെ മയക്കുമരുന്നിൽ നിന്നും മോചിപ്പിക്കാനും പ്രത്യേകം പദ്ധതികൾ തയ്യാറാക്കും. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ഈ മാസം പഞ്ചായത്ത് തലത്തിൽ വിപുലമായ ജനകീയ കൂട്ടായ്മകൾ രൂപീകരിക്കും. തുടർന്ന് ഏപ്രിൽ മാസത്തിൽ വാർഡ് തല സംഗമങ്ങളും അയൽപക്ക സ്നേഹ സദസുകളും സംഘടിപ്പിക്കും. വാർഡ്തലത്തിൽ നടത്താൻ സാധിക്കുന്ന ഇരുപത്തിയൊന്ന് ഇന പ്രവർത്തന പരിപാടിക്കും യോഗം രൂപം നൽകി. മണ്ഡലം തലത്തിൽ അക്കാദമിക്, കൗൺസലിംഗ്, ലീഗൽ, പ്രചരണം, കലാ വിഭാഗം, കായിക വിഭാഗം, സാമ്പത്തികം എന്നിങ്ങനെ 7 സബ്ബ് കമ്മിറ്റികൾ രൂപീകരിച്ചു.
എം ഇ എസ് അസ്മാബി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടർ അഖിൽ വി മേനോൻ മുഖ്യാതിഥിയായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഗിരിജ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി രാജൻ, നിഷ അജിതൻ, എം.എസ് മോഹനൻ, വിനീത മോഹൻദാസ്, ശോഭന രവി, ടി.കെ ചന്ദ്രബാബു, ഡിഡിഇ കെ അജിതകുമാരി, എഇഒ മൊയ്തീൻ കുട്ടി, എക്സൈസ് അസി. കമ്മീഷണർ എ.ടി ജോബി, ഡിവൈഎസ്പി വി.കെ രാജു, സി ഐ ബാലസുബ്രഹ്മുണ്യൻ, കയ്പമംഗലം സബ്ബ് ഇൻസ്പെക്ടർ സൂരജ്, പെരിഞ്ഞനം സിഎച്ച്സി സൂപ്രണ്ട് ഡോ. സാനു, എം ഇഎസ് ജില്ലാ പ്രസിഡണ്ട് വി.എം ഷൈൻ, എംഇഎസ് കോളേജ് സെക്രട്ടറി അഡ്വ. നവാസ് കാട്ടകത്ത്, സ്കൂൾ മാനേജ്മെന്റ് പ്രതിനിധി റവ. ഫാദർ ഷൈജൻ കളത്തിൽ, അക്ഷര കൈരളി കോഡിനേറ്റർ ടി.എസ് സജീവൻ, സ്വരക്ഷ കൺവീനർ പി ആർ ശ്രീധർ മാഷ്, കോളേജ് പ്രിൻസിപ്പിൽ ഡോ.റീന മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments