സ്ത്രീകളിലെ ക്യാൻസർ പ്രതിരോധം: കണ്ണൂരിലെ പരിശോധന ലക്ഷം കടന്നു.
കേരള സർക്കാരിന്റെ ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിനിൽ ആദ്യ ഘട്ടം അവസാനിച്ചപ്പോൾ കണ്ണൂർ ജില്ലയിലെ വനിതകളുടെ ക്യാൻസർ പരിശോധന ഒരു ലക്ഷം കടന്നു.
സംസ്ഥാനത്ത് വനിതകളുടെ ക്യാൻസർ സ്ക്രീനിംഗ് ഒരു ലക്ഷം കടന്ന മൂന്ന് ജില്ലകൾ മാത്രമാണ് ഉള്ളത്.ഏറ്റവും മുമ്പിൽ കൊല്ലം ജില്ലയാണ്. രണ്ടാമത് ഇടുക്കിയും മൂന്നാമത് കണ്ണൂരും ആണ്. കണ്ണൂർ ജില്ലയിൽ 132 ആരോഗ്യ സ്ഥാപനങ്ങളിലായി 1,00,372 പേരെ ക്യാൻസർ പരിശോധക്ക് വിധേയമാക്കി. ഇതിൽ സ്തന പരിശോധന നടത്തിയ 89,400 പേരിൽ 1,111 പേരെ തുടർപരിശോധനക്കായി റെഫർ ചെയ്തു. ഗർഭാശയ ഗള ക്യാൻസർ പരിശോധന നടത്തിയ 73,940 പേരിൽ 369 പേരെയും വായിലെ ക്യാൻസർ പരിശോധന നടത്തിയ 55,551പേരിൽ 75 പേരെയും തുടർ പരിശോധനക്കായി റെഫർ ചെയ്തിട്ടുണ്ട്.
കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ പേരെ ക്യാൻസർ പരിശോധന നടത്തിയ സ്ഥാപനം കുഞ്ഞിമംഗലം കുടുംബരോഗ്യ കേന്ദ്രമാണ്-9362. രണ്ടാമത് താലൂക്ക് ആശുപത്രി പയ്യന്നൂരും (9136) മൂന്നാമത് കുടുംബരോഗ്യ കേന്ദ്രം പുളിങ്ങോം ആണ്-6162.
കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് 1701 പേരെ സ്‌ക്രീനിങ്ങിനു വിധേയമാക്കി ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ചു.
കണ്ണൂർ ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും മികച്ച പ്രവർത്തനങ്ങൾ ആണ് കാഴ്ച വെച്ചത്. ഫീൽഡ് ലെവലിൽ ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പിലെ സന്നദ്ധരായ ഉദ്യോഗസ്ഥരും കുടുംബശ്രീ, വനിതാ ശിശു വികസന വകുപ്പ്, മറ്റു വകുപ്പുകളും, തൊഴിലുടമകളും വിവിധ സന്നദ്ധ സംഘടനകളും ചേർന്നുകൊണ്ടുള്ള വിപുലമായ പ്രവർത്തന പരിപാടി കൊണ്ടാണ് കണ്ണൂർ ജില്ലക്ക് ഈ മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചത്.
കേരള സർക്കാരിന്റെ ക്യാൻസർ പ്രതിരോധ ജനകീയ യജ്ഞം ആദ്യ ഘട്ടം വിജയിപ്പിക്കാൻ മുന്നിലും പിന്നിലും നിന്ന എല്ലാ ആരോഗ്യ പ്രവർത്തകരെയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അഭിനന്ദിച്ചു.
- Log in to post comments