Skip to main content

യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു

കേരള സംസ്ഥാന യുവജന കമ്മീഷൻ 2024-25 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ  മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്. കല, സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം/മൃഗസംരക്ഷണം, വ്യവസായ സംരംഭകത്വം, മാധ്യമം തുടങ്ങിയ മേഖലകളിൽ വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകൾ   നടത്തിയ വ്യക്തിത്വങ്ങൾക്കാണ് അവാർഡുകൾ നൽകുന്നത്.

കല / സാംസ്‌കാരികം മേഖലയിൽ  അഭിനേത്രി നിഖില വിമൽ അവാർഡിനർഹയായി. ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടർ സജന സജീവനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. 2024 ഐസിസി വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. യുവ എഴുത്തുകാരൻ വിനിൽ പോളിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം. കാർഷിക ജീവിതത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കിയ കാസർഗോഡ് സ്വദേശിനി എം. ശ്രീവിദ്യയാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹയായത്. വ്യവസായം / സംരഭകത്വം മേഖലയിൽ ആധുനിക ശാസ്ത്ര-സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കാർഷിക മേഖലക്ക് കൈത്താങ്ങായി ഡ്രോൺ നിർമാണത്തിലൂടെ ശ്രദ്ധേയനായ ഫ്യൂസലേജ് കമ്പനിയുടെ സ്ഥാപകനും എം.ഡിയുമായ ദേവൻ ചന്ദ്രശേഖരൻ അവാർഡിനർഹയായി. 30 വയസിൽ താഴെയുള്ള മികച്ച സംരംഭകരുടെ ഫോബ്സ് ഇന്ത്യ പട്ടികയിൽ ദേവൻ ചന്ദ്രശേഖരൻ ഇടംപിടിച്ചിരുന്നു. മാധ്യമ മേഖലയിൽ നിന്നും റിപ്പോർട്ടർ ടിവി പ്രിൻസിപ്പൽ കറസ്‌പോണ്ടന്റ് ആർ. റോഷിപാൽ യൂത്ത് ഐക്കണായി  തിരഞ്ഞെടുക്കപ്പെട്ടു.

പി.എൻ.എക്സ് 1058/2025

date