Skip to main content

മാലിന്യമുക്തമാകാൻ ഒരുങ്ങി ജില്ലാഭരണ സിരാകേന്ദ്രം

ശനിയാഴ്ച ശുചീകരണ യജ്ഞം സംഘടിപ്പിക്കും

 

മാലിന്യ മുക്ത നവകേരളത്തിനൊപ്പം അണി ചേരാനൊരുങ്ങി എറണാകുളം ജില്ലാ ഭരണ സിരാകേന്ദ്രം. മാർച്ച് 15 ശനിയാഴ്ച കാക്കനാട് സിവിൽ സ്റ്റേഷനിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. യജ്ഞത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ പരിസരവും മുഴുവൻ ഓഫീസുകളും മാലിന്യമുക്തമാക്കാനാണ് ലക്ഷ്യമിടുന്നത്. 

 

കളക്ടറേറ്റ് ഉൾപ്പെടെ 85 ഓഫീസുകളാണ് ജില്ലാ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ആയിരക്കണക്കിന് പേർ ദിനംപ്രതി എത്തുന്ന സിവിൽ സ്റ്റേഷനിൽ മാലിന്യ സംസ്കരണം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നത്.

ശനിയാഴ്ച്ച രാവിലെ ഒൻപതു മുതൽ ഉച്ച വരെയാണു യജ്ഞം. ഒരു സ്ഥലം പോലും വിട്ടുപോകാതെ കൃത്യമായ പ്ലാൻ തയ്യാറാക്കി യജ്ഞം നടത്തും.

 

 ജീവനക്കാർക്ക് പുറമേ തൃക്കാക്കര നഗരസഭ, ശ്വചിത്വ മിഷൻ, കുടുംബശ്രീ, സന്നദ്ധ പ്രവർത്തകർ, നെഹ്റു യുവകേന്ദ്ര, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തുടങ്ങിയവരും ശുചീകരണ യജ്ഞത്തിന്റെ ഭാഗമാകും. 

 

ശുചീകരണത്തിന് ശേഷവും മാലിന്യ സംസ്കരണം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. മാലിന്യം വലിച്ചെറിയുന്നതും കെട്ടിക്കിടക്കുന്നതുമായ രീതിയിൽ ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ വ്യക്തമാക്കി. സന്ദർശകർക്ക് ഉപയോഗിക്കുന്നതിനായി എല്ലാ ഓഫീസുകളിലും ചവറ്റു കുട്ടകൾ സ്ഥാപിക്കണം. അതത് ഓഫീസുകളിലെ നോഡൽ ഓഫീസർമാർ മാലിന്യ സംസ്കരണം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കളക്ടറേറ്റ് സ്പാർക് ഹാളിൽ ചേർന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

date